#ഓർമയിൽ_പ്രിയഗുരുനാഥൻ*
പുന്നാട് എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തലിൻ്റെ ആവശ്യകത ഇല്ലാത്ത അധ്യാപകനാണ് ശ്രീധരൻ മാസ്റ്റർ. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ഗുരുനാഥൻ. മനസ്സു നിറയെ സ്നേഹം ഒളിപ്പിച്ച ആ ഗുരുനാഥനോട് ഞങ്ങൾ വിദ്യാർത്ഥികൾക്കെന്നും ഭയഭക്തി ബഹുമാനമായിരുന്നു.
എത്ര ശബ്ദകോലാഹലം നിറഞ്ഞ ക്ലാസ്മുറിയും ആ സാന്നിധ്യം കൊണ്ട് തന്നെ പൂർണ്ണ നിശബ്ദമാകും. മഴ തിമിർത്തു പെയ്യുന്ന ഒരു ജൂൺ മാസത്തിലായിരുന്നു ഒന്നാം ക്ലാസ്സിലെ ഓടിട്ട ക്ലാസ് മുറിയിൽ വച്ച് ആദ്യമായി ഞാനാ അധ്യാപകനെ കാണുന്നത്. ആദ്യ ദിനത്തിൻ്റെ അങ്കലാപ്പിൽ വിതുമ്പാൻ വെമ്പിനിന്ന ഞാൻ മാഷിൻ്റെ ശബ്ദം കേട്ടതും തീർത്തും നിശബ്ദയായി അന്ന് ക്ലാസ്സിലിരുന്നു.
വികൃതി പിള്ളേർക്കു മാഷിനെ നല്ല ഭയമായിരുന്നു. പ്രത്യേകിച്ചും മാഷിൻ്റെ കയ്യിലെ ആ നീളൻ ചൂരലിനെ. വെളുത്ത മുണ്ടും ഖാദിഷർട്ടും ധരിച്ച് ,പോക്കറ്റിലൊരു ഹീറോ പേനയും കയ്യിലൊരു ചൂരൽ വടിയുമായുള്ള മാഷിൻ്റെ ദൂരെ നിന്നുള്ള വരവ് കാണുമ്പോഴേ അച്ചടക്കമുള്ള കുട്ടികളായി എല്ലാവരും ഇരുപ്പു തുടങ്ങും. കയ്യിലെ ചൂരലിനെ ” വടിമാഷ് ” എന്നാണ് മാഷ് വിശേഷിപ്പിക്കുക.
” ഞാനൊരു പാവമെങ്കിലും വടിമാഷൊരു ദേഷ്യക്കാരനാണ് “മാഷ് ഇടയ്ക്കിടെ കുട്ടികളെ ഓർമ്മിപ്പിക്കും .
വികൃതിക്കാരായ കുഞ്ഞുങ്ങളെ തല്ലുന്നത് ഞാനല്ല വടിമാഷാണെന്ന് വ്യംഗ്യമായി മാഷ് പറഞ്ഞുവയ്ക്കുകയാണിത്..
നിഷ്കളങ്കമായ കുഞ്ഞുമനസ്സുകളിൽ അതങ്ങനെ തന്നെ പതിഞ്ഞു. ചൂരൽ
മേശപ്പുറത്ത് കുത്തനെ നിർത്തിവച്ച് മാഷ് പുറത്ത് പോകുമ്പോഴൊക്കെ വടി മാഷിനായിരുന്നു ക്ലാസ്സിൻ്റെ ചുമതല. ശ്രീധരൻ മാഷിനേക്കാളേറെ ഭയമായിരുന്നു ഞങ്ങൾ കുട്ടികൾക്ക് ആ വടിമാഷിനെ. ക്ലാസ്സ് മുറിയിൽ വികൃതി കാട്ടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ വടിമാഷ് ( ചൂരൽ ) ശ്രീധരൻ മാഷെ അറിയിക്കുമെന്നായിരുന്നു അക്കാലത്തെ ഞങ്ങളുടെ വിശ്വാസം . അതുകൊണ്ട് തന്നെ പൂർണ്ണ അച്ചടക്കമായിരുന്നു വടിമാഷുള്ള ദിവസങ്ങളിൽ ക്ലാസ് മുറി. മാഷിൻ്റെ കീശയിലുള്ള ഹീറോ പേനയിലായിരുന്നു ക്ലാസ്സിലെ ചില വിരുതൻമാരുടെ കണ്ണ് . അതുപോലൊരെണ്ണം സ്വന്തമാക്കണെമെന്നത് അക്കാലത്ത് പലരുടേയും സ്വപ്നമായിരുന്നു..
ഒരിക്കൽ രണ്ടാം ക്ലാസ്സിലെ ഒരു പാഠഭാഗത്തിനിടെ “സന്ധ്യായ്ക്ക് പ്രാർത്ഥിക്കുന്നവർ ഒന്നെഴുന്നേറ്റു നിന്നേ ” എന്ന് മാഷ് പറഞ്ഞപ്പോൾ എഴുന്നേറ്റുനിന്ന ചുരുക്കം ചില വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാനും . ഒന്നമർത്തി മൂളികൊണ്ട് ” ഒരീസം നോക്കാൻ ഞാൻ വരുന്നുണ്ട്” എഴുന്നേറ്റ് നിന്നവരോടായി മാഷ് പറഞ്ഞു. അന്ന് പ്രാർത്ഥിക്കാറുണ്ടെന്ന് പറഞ്ഞത് സത്യമാണോ എന്നറിയാൻ എതെങ്കിലുമൊരു സന്ധ്യാനേരം മാഷ് വരുമെന്നുറപ്പായിരുന്നു. അന്ന് തൊട്ട് മാഷ് വരുമെന്നുറച്ച് സന്ധ്യാസമയങ്ങളിൽ ഉച്ചത്തിൽ നാമജപം പതിവാക്കി. പക്ഷെ ഒരിക്കൽപോലും മാഷ് വന്നില്ല .മാസങ്ങൾ പിന്നിട്ടപ്പോൾ പതിയെ പതിയെ നാമജപം പേരിനു മാത്രമാക്കി കളികളിൽ വ്യാപൃതയായി.
അങ്ങനെയിരിക്കെ ഒരു സായം സന്ധ്യയിൽ അയൽപ്പക്കത്തെ വീട്ടിലെ കിണറ്റിൻക്കരയിലിരുന്നു സംഭാഷണത്തിലേർപ്പെട്ട അമ്മയുടേയും ഇന്ദിരചേച്ചിയുടേയും സംസാരം ശ്രവിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാൻ.
” പോയിരുന്ന് നാമം ജപിക്കെടി , സന്ധ്യാസമയത്ത് പെണ്ണുങ്ങളുടെ സംസാരം കേട്ടിരിക്കാണ്ട്.“
അമ്മ ദേഷ്യത്തോടെ പറഞ്ഞു .അക്കാലത്ത് നാട്ടിലെ സ്ത്രീകൾ സംസാരിക്കുന്നിടത്ത് ഞങ്ങൾ കുട്ടി പട്ടാളമെങ്ങാനും പെട്ടു പോയാൽ വലിയ ദേഷ്യഭാവമായിരിക്കും അവർക്ക്. ഒരു വള്ളിപോലും വിടാതെ ഒപ്പിയെടുക്കാനും, മാറ്റി നിർത്തിയാലും തന്ത്രപരമായി ഈ ന്യൂസ് ചോർത്താനും നാടു മുഴുവൻ പരത്താനും അസാധാരണ പാടവം ഞങ്ങൾക്കുണ്ടെന്നവർക്കറിയാം. അതാണീ മാറ്റി നിർത്തലിന് പിന്നിലും. അമ്മയുടെ വാക്കുകൾ കേട്ട ഭാവം നടിക്കാതെ സംസാരത്തിൽ ശ്രദ്ധയൂന്നി ഞാൻ നില്ക്കവേയാണ്
” ഏച്ചി ….ശ്രീധരൻ മാഷ് ബരുന്ന് …. ”
അനിയത്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ടത് ..
” മാഷോ …..”
പിന്നെ സർവ്വ ശക്തിയുമെടുത്ത് ഒരു ഓട്ടമായിരുന്നു …. ഇരുപറമ്പുകൾക്കിടയിലുള്ള വഴുക്കൻ മരപ്പാലത്തിലൂടെ ഓടി കിതച്ച് ഇറയത്തെത്തുമ്പോഴേക്കും മാഷ് കടന്നു പോയി കഴിഞ്ഞിരുന്നു.
വയൽ വരമ്പിലൂടെ മാഷ് അകലേക്ക് നടന്നു നീങ്ങുന്ന കാഴ്ച നെടുവീർപ്പോടെ നോക്കി കണ്ടു. നാളെ സ്കൂളിലെത്തിയാൽ കള്ളം പൊളിഞ്ഞത് തന്നെ. ഒറ്റ വഴിയേ മുന്നിലുള്ളൂ. മാഷ് തിരിച്ചു വരുന്നതുവരെ നാമജപം തുടരുക. വിളക്കിനു മുന്നിൽ കുത്തിയിരുന്ന് ഉച്ചത്തിൽ ജപം തുടങ്ങി. സുഹൃത്തിൻ്റെ വീട്ടിൽ പോയ മാഷാണേൽ സമയമേറെയായിട്ടും തിരികെ വരുന്ന ലക്ഷണമില്ല. അനിയത്തിയെ മാഷ് തിരികെ വരുന്നത് നോക്കാനായി ചുമതലപ്പെടുത്തി.
സന്ധ്യ കഴിഞ്ഞ് വിളക്ക് കെടുത്താനായി അമ്മ വന്നപ്പോൾ മാഷ് തിരികെ വന്നിട്ടു കെടുത്താമെന്ന് പറഞ്ഞു അമ്മയെ മടക്കി. ഏകദേശം രാത്രി 7.15 ഓടെ വയൽ വരമ്പിലൂടെ ടോർച്ചു തെളിഞ്ഞ് ഒരാൾ വരുന്നതു കണ്ടപ്പോൾ ” ദേ മാഷ് വരുന്നേ ” എന്ന് അനിയത്തി വിളിച്ചു പറഞ്ഞു. ഞാനാണേൽ മാഷെ കാണിക്കാനായി നാമജപം ഉച്ചത്തിലാക്കി. വീടിനു മുന്നിൽ എത്തിയ മാഷ് അല്പനേരം നിശബ്ദമായി നിന്ന് പിന്നീട് പതിവു ശൈലിയിൽ പറഞ്ഞു.
” ജപം നിർത്തി പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക് “
അതു കേട്ടതും ഞാൻ ചാടിയെന്നേറ്റ് വിളക്കുകെടുത്തി അടുക്കളയിലേക്കോടി. ഏറെ നേരത്തെ ഉച്ചത്തിലുള്ള നാമജപത്തിൽ തൊണ്ട വറ്റി വരണ്ടിരുന്നു. കപ്പിൽ വച്ച വെള്ളം ആർത്തി പൂണ്ട് കുടിക്കുന്നതിനിടയിൽ “മാഷ് ഇപ്പം വന്നത് നന്നായി കുറച്ചു കൂടി വൈകിയാണേൽ തൊണ്ട കാണില്ലായിരുന്നു “അമ്മ പരിഹാസ ശരം തൊടുത്തു… ഇതൊക്കെ പുത്തരിയല്ലെന്ന മട്ടിൽ അമ്മ പറയുന്നതു ഗൗനിക്കാതെ ഞാൻ ഉമ്മറത്തേക്കോടി. ഇന്നും സായം സന്ധ്യകളിൽ അറിയാതെ ചുണ്ടിൽ പുഞ്ചിരി തെളിക്കുന്ന ഓർമകൾ.
എവിടെ വച്ചു കണ്ടാലും ശിഷ്യൻമാരെ പേരെടുത്തു വിളിച്ച് കുശലാന്വേഷണം നടത്തുന്ന പ്രിയഗുരുനാഥൻ ഇന്ന് കാലയവനികയിലേക്ക് മടങ്ങി. എങ്കിലും ആ ഗുരുനാഥൻ തെളിച്ച വെളിച്ചം തലമുറകൾക്ക് വഴികാട്ടിയാണ്.
മാഷിൻ്റെ ദീപ്തസ്മരണകൾക്കു മുന്നിൽ നിറമിഴികളോടെ ഒരു പിടി വാടാമലരുകൾ….. 💐💐
ശുഭ ചെറിയത്ത്
Discussion about this post