കൊല്ലം; പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന പരാതിയുമായി കുടുംബം. ചവറ പോലീസിനെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. യുവാവിന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും സ്റ്റേഷൻ ഉപരോധിച്ചു.
ചവറ അറക്കൽ സ്വദേശി അശ്വന്ത്(22) ആണ് ജീവനൊടുക്കിയത്. ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് അശ്വന്തിനെ വിളിപ്പിച്ചത്. തുടർന്ന് യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടർന്നുണ്ടായ മാനസിക സംഘർഷം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി അതിന് വഴങ്ങിയില്ല. ഇതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ചവറ സിഐ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചവറ സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ ഉന്നത ഉദ്യോഗസ്ഥനും സിഐയും പിടിച്ചുവച്ചു. പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ചവറ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ അശ്വന്തിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അശ്വന്ത് സ്റ്റേഷനിലായിരുന്ന സമയത്ത് ഉന്നത ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തെന്ന് കുടുംബം വെളിപ്പെടുത്തി. ഇതിന് ശേഷമാണ് സിഐ പോക്സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. അശ്വന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
Discussion about this post