ജറുസലേം: ഇസ്രായേലിൽ ഭീകരാക്രമണം. ജറുസലേമിലുണ്ടായ വെടിവെയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ജറുസലേമിലെ ജൂതപ്പള്ളിയ്ക്ക് സമീപമായിരുന്നു വെടിവയ്പ്പ് . തോക്കുമായി എത്തിയ അക്രമി പള്ളിയ്ക്ക് പുറത്തു നിന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏഴ് പേരിൽ അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബാക്കി രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരിച്ചത്. ഏഴ് പേരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 15 വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഈസ്റ്റ് ജെറുസലേം സ്വദേശിയായ 21 കാരനാണ് ആക്രമണം നടത്തിയത്. ഇതിന് ശേഷം വാഹനത്തിൽ കടന്നു കളയാൻ ശ്രമിച്ച ഇയാളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായവയിൽ ഏറ്റവും മോശമായ ഭീകരാക്രമണമാണ് ഇതെന്ന് പോലീസ് മേധാവി യാക്കോവ് ഷബ്തായ് പറഞ്ഞു.












