മലപ്പുറം; സർക്കാർ മദ്യം ഒഴിവാക്കി സ്വകാര്യ ബ്രാൻഡുകൾ വിൽക്കാൻ ബിവറേജസ് ജീവനക്കാർക്ക് കൈക്കൂലി. മലപ്പുറം എടപ്പാളിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരിൽ നിന്ന് ഇത്തരത്തിൽ ഇൻസെന്റീവായി ലഭിച്ച പണം പിടികൂടി.
18,600 രൂപയാണ് പിടികൂടിയത്. മദ്യം സംഭരിച്ച മുറിയിൽ ജീവനക്കാരിൽ ഒരാളുടെ ബാഗിൽ പല പൊതികളിലായി പണം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഔട്ട്‌ലെറ്റിലെ ജീവനക്കാർ പണം വീതിച്ചെടുക്കുകയായിരുന്നു എന്നാണ് വിവരം.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന. ഇതിനിടയിലാണ് ജീവനക്കാരിൽ ഒരാളുടെ ബാഗ് പരിശോധിച്ചത്. ബാഗിന്റെ ഉറയ്ക്കുളളിൽ പല പൊതികളിലായി സൂക്ഷിച്ച പണമാണ് കണ്ടെടുത്തത്. 3000, 5000 തുടങ്ങിയ തുകകൾ വരുന്ന പൊതികളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഓരോ ദിവസവും നൽകുന്ന പണം ആണിതെന്നാണ് വിവരം.
എന്തിനുളള പണമാണെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചതോടെ സ്വകാര്യ ബ്രാൻഡുകാർ നൽകിയതാണെന്ന് ജീവനക്കാരൻ സമ്മതിച്ചു. വിജിലൻസ് സിഐ ജ്യോതീന്ദർ കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾ എത്തുമ്പോൾ സർക്കാർ മദ്യം ഇല്ലെന്ന് പറയണം. പകരം സ്വകാര്യ ബ്രാൻഡുകൾ വിൽക്കണം. ഇതിനാണ് പണം നൽകിയതെന്നാണ് കരുതുന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ രീതിയിൽ കൈക്കൂലി പണം വിതരണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ബാക്കിയുളളിടത്തും പരിശോധനകൾ നടക്കുമെന്നാണ് വിവരം.










Discussion about this post