പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയിൽ കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു. ആറ് മണിക്കൂറിലേറെ സമയമാണ് പുലി കൂട്ടിൽ കുടുങ്ങി കിടന്നത്. പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി.
മരണകാരണം കണ്ടെത്താൻ മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ കുരുങ്ങുകയായിരുന്നു. ഇരുമ്പഴിക്കുള്ളിലാണ് പുലിയുടെ കാലുകൾ കുടുങ്ങിയത്. ഒൻപത് മണിയോടെ പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുലി ചത്തത്.
കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. കോഴിക്കൂട് തകർത്ത് പുറത്ത് കടക്കാനായിരുന്നു പുലിയുടെ ശ്രമം. ഇതിനിടെയാണ് പുലിയുടെ കാൽ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങിയത്.
Discussion about this post