തിരുവനന്തപുരം – തിരുവല്ലം ബൈപ്പാസിൽ റേസിംഗിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൊട്ടിക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാൻ വേണ്ടി റേസിംഗ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. അതിവേഗത്തിൽ വന്ന ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ വെച്ചായിരുന്നു അപകടം. അപകടത്തിന്റെ ആഘാതത്തിൽ വീട്ടമ്മയായ സന്ധ്യ തെറിച്ച് പോയി അടുത്തുളള മരത്തിൽ തൂങ്ങിക്കിടന്നു. ഇവരുടെ കാൽ അറ്റുപോയ നിലയിലായിരുന്നു. സന്ധ്യ അവിടെ വെച്ച് തന്നെ മരണപ്പെട്ടു.
ബൈക്കിലുണ്ടായിരുന്ന അരവിന്ദും മീറ്ററുകളോളം അകലേക്ക് തെറിച്ച് വീണു. റോഡരികിലെ ഓടയിൽ നിന്നാണ് അരവിന്ദിനെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.












