കോട്ടയം: പഴയിടം മോഹനൻ നമ്പൂരിയെ പുകഴ്ത്തി മുൻ മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. കലോത്സവ വേദിയിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പഴയിടത്തെ രൂക്ഷമായ ഭഷയിൽ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുകഴ്ത്തലുമായി അരുൺ കുമാർ രംഗത്തെത്തിയത്. സർക്കാർ നിർദ്ദേശപ്രകാരം മാത്രം കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കിയിരുന്ന പഴയിടത്തെ വിവാദത്തിലേക്ക് വലിച്ചിട്ട അരുൺ കുമാറിനെതിരെ കടുത്ത വിമർശനം ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനുള്ള ഈ മലക്കം മറിച്ചിൽ.
ദിവസങ്ങൾക്ക് മുൻപ് കൂട്ടിക്കലിൽ നടന്ന പരിപാടിയുടെ ചിത്രം പങ്കുവച്ചാണ് പഴയിടത്തിന്റെ പായസവിതരണത്തെയും മാനവസ്‌നേഹത്തിന്റെ മധുര സ്പർശത്തെയും കുറിച്ച് അരുൺ വാചാലനാവുന്നത്. കൂട്ടിക്കലിൽ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി സിപിഎം പായസമേള നടത്തിയിരുന്നു. ഇതിന് വേണ്ടി വന്ന 30,000 ലിറ്ററിലധികം പായസം സൗജന്യമായിട്ടാണ് പഴയിടം പാചകം ചെയ്തു നൽകിയത്. നാലു ദിവസങ്ങളിലായി നടന്ന മേളയിൽ 200 രൂപ നിരക്കിലായിരുന്നു പായസ വിൽപ്പന. ഈ പരിപാടിയുടെ ഫോട്ടോ സംഘടിപ്പിച്ചാണ് അരുൺ പഴയിടം സൗജന്യ പായസം വച്ച് നൽകിയതിനെ അഭിനന്ദിക്കുന്നത്.
ഓർമ്മയില്ലേ രണ്ടു വർഷങ്ങൾക്കു മുമ്പുള്ള കോട്ടയത്തെ കുട്ടിക്കലെ ഉരുൾ പൊട്ടൽ. നാലു പേർ മറഞ്ഞു. നൂറോളം വീടുകളും. ഉയിർത്തെഴുന്നേൽപ്പിന് കാഞ്ഞിരപ്പള്ളിയിലെ ഏരിയ കമ്മിറ്റി തങ്ങളുടെ കുഞ്ഞു ചിറകുകളൊരുക്കി. ഇരുപത്തഞ്ചോളം വീടുകൾക്ക് പണം കണ്ടെത്താൻ വീടുകൾ തോറും നാലുനാൾ പായസവിതരണം. കാൽ ലക്ഷം കിലോ പായസമൊരുക്കാൻ സൗജന്യ സേവനവുമായി ശ്രീ പഴയിടവും. നഷ്ടങ്ങളുടെ നീറ്റലിൽ മാനവസ്‌നേഹത്തിന്റെ മധുര സ്പർശം. എന്നാണ് അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വർഷങ്ങളായി ടെൻഡറിലൂടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഭക്ഷണം വിളമ്പിയിരുന്ന പഴയിടത്തിന്റെ ഭക്ഷണപ്പെരുമയെ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ അരുൺ കുമാറാണ് ആദ്യം വിമർശിച്ച് രംഗത്തെത്തിയത് കലോത്സവ വേദികളിലെ ഭക്ഷണശാലകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിളമ്പുന്നത് ബ്രാഹ്‌മണിക്കൽ ഹെജിമണി ആണെന്നായിരുന്നു അരുണിന്റെ വാദം. ഇത് ഏറ്റെടുത്ത് ചില ഫേസ്ബുക്ക് പ്രൊഫൈലുകൾ കൂടി രംഗത്തെത്തിയതോടെ അടുത്ത വർഷം മുതൽ നോൺ വെജ് ഭക്ഷണവും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ കൈ കഴുകുകയായിരുന്നു.
Discussion about this post