അഗർത്തല: സാധാരണക്കാരിൽ സാധാരണക്കാരെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കി ത്രിപുരയിലെ ബിജെപി നേതൃത്വം. ത്രിപുര നോർത്തിലെ കദംതല കുർതി നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ദിലീപ് താന്തി എന്ന തേയിലത്തോട്ടം തൊഴിലാളിയാണ്.
ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി തേയിലത്തോട്ടം തൊഴിലാളി മത്സരിക്കുന്നതെന്ന് ബിജെപി പ്രഭാരി സന്തോഷ് സാഹ പറഞ്ഞു. ത്രിപുര നിയമസഭയിൽ തേയിലത്തോട്ടം തൊഴിലാളികളുടെ ശബ്ദമാകാൻ ദിലീപ് താന്തിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തേയിലത്തോട്ടം തൊഴിലാളികളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു ദിവസ വേതന വർദ്ധനവ്. അത് നടപ്പിലാക്കാൻ കഴിഞ്ഞത് ബിജെപിക്കാണ്. വനവാസി വിഭാഗത്തിന് പട്ടയം നൽകിയതും ബിജെപി സർക്കാരാണ്. 7230 കുടുംബങ്ങൾക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി പട്ടയം നൽകിയത്.
അടിസ്ഥാന വർഗമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. അവർക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം തകരുമ്പോഴാണ്, മുതലെടുപ്പ് നടത്താൻ കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ഉൾപ്പെടെ ഉള്ളവർ രംഗത്ത് വരുന്നത്. ഈ സാഹചര്യം മനസിലാക്കിയാണ് ബിജെപി രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും സന്തോഷ് സാഹ പറഞ്ഞു. കാലാകാലങ്ങളായി സിപിഎമ്മും കോൺഗ്രസും ഭരിച്ച ത്രിപുരയിൽ, വനവാസികളെ തീണ്ടാപ്പാട് അകലെ നിർത്തിയിരിക്കുകയായിരുന്നു അധികാരികൾ. എന്നാൽ ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം‘ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് തങ്ങൾ അവരെ ചേർത്ത് നിർത്തുകയാണെന്നും സാഹ വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും, ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ദിലീപ് താന്തി പറഞ്ഞു. 74 വർഷത്തെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനവാസിക്ക് ഒരു ദേശീയ പാർട്ടി ഇത്തരമൊരു പരിഗണന നൽകുന്നത്. ഇതിൽ തന്റെ ജനവിഭാഗം ആഹ്ലാദഭരിതരാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിന് ഞങ്ങൾ പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018ൽ സിപിഎം നേതാവ് ഇസ്ലാമുദ്ദീൻ വിജയിച്ച മണ്ഡലമാണ് കദംതല കുർതി.
Discussion about this post