ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന് പരാജയം. 47 അംഗ കൗണ്‍സിലിലെ സ്ഥാനം നിലനിര്‍ത്താന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. 18 രാജ്യങ്ങളാണ് ഇത്തവണ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 193 രാജ്യങ്ങളില്‍ 105 രാജ്യങ്ങളുടെ പിന്തുണയേ പാകിസ്ഥാന് നേടാനായുള്ളൂ.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് മനുഷ്യാവകാശ കൗണ്‍സിലിനെ തെരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 31നാണ് പാകിസ്ഥാന്റെ അംഗത്വ കാലാവധി അവസാനിയ്ക്കുന്നത്. ജനുവരി ഒന്നിന് പുതിയ അംഗരാജ്യങ്ങള്‍ കൗണ്‍സിലിന്റെ ഭാഗമാകും.
ഇന്ത്യയുടെ കാലാവധി 2017 വരെയാണ്. ബെല്‍ജിയം, ഇക്വഡോര്‍, എത്യോപ്യ, ജര്‍മ്മനി, കെനിയ, ദക്ഷിണകൊറിയ, യു.എ.ഇ, വെനിസ്വേല, ഫിലിപ്പൈന്‍സ്, സ്വിറ്റ്സര്‍ലാന്റ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങളാണ് പുതുതായി കൗണ്‍സിലിലേയ്ക്ക് വന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതിനാല്‍ പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ശക്തമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭ പ്രമേയങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യങ്ങളെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. ഏഷ്യ പസഫിക് മേഖലയില്‍ നിന്ന് അഞ്ച് ഒഴിവുകളാണ് കൗണ്‍സിലില്‍ ഉണ്ടായിരുന്നത്.
Discussion about this post