ഇസ്ലാമാബാദ്: പാകിസ്താനിലെ മസ്ജിദിൽ ഭീകരാക്രമണം. രണ്ട് പോലീസുകാർ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. 90 പേർക്ക് പരിക്കേറ്റു. പെഷവാറിലെ മസ്ജിദിൽ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ച പ്രാർത്ഥനയ്ക്കായി നിരവധി പേർ മസ്ജിദിൽ എത്തിയിരുന്നു. ഇവർ പ്രാർത്ഥനയ്ക്ക് ഒരുങ്ങുമ്പോൾ ആയിരുന്നു സ്‌ഫോടനം. ചാവേർ ആക്രമണമാണെന്നാണ് റിപ്പോർട്ട്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദ് പൂർണമായും തകർന്നു. സ്‌ഫോടനത്തിലും കെട്ടിടാവശിഷ്ടങ്ങൾ തലയിൽ വീണുമാണ് ആളുകൾക്ക് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദിന് സമീപമുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post