ശ്രീനഗർ: ജമ്മു കശ്മീരിലെ തെരുവുകളിലൂടെ ഒരു ബിജെപി നേതാവിനും നടക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ ജനങ്ങൾ ഇതിന് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കഴിഞ്ഞ നാല് ദിവസവും താൻ ജമ്മു കശ്മീരിലൂടെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസുകാർ, ഇവർക്കൊന്നും ജമ്മു കശ്മീരിലെ തെരുവുകളിലൂടെ നടക്കാൻ കഴിയില്ല. കാരണം ജനങ്ങൾ ഇതിന് അവരെ അനുവദിക്കില്ല. അവർക്ക് ഭയമാണ്. അക്രമങ്ങൾ മാത്രം നടത്തുന്ന പ്രധാനമന്ത്രിയ്ക്കോ അമിത് ഷായ്ക്കോ, അജിത് ഡോവലിനോ ഇവിടുത്തെ ജനങ്ങളുടെ വേദന മനസ്സിലാകില്ല. ഇന്ത്യയുടെ അടിസ്ഥാനം ഇല്ലാതാക്കുന്ന എല്ലാറ്റിനുമെതിരെയാണ് തങ്ങളുടെ പോരാട്ടം.
ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ വാഹനത്തിൽ നയിക്കാനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ താൻ ഇതിന് ഒരുക്കമല്ലെന്ന് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം കാൽനടയായി കശ്മീരിലൂടെ പോകരുതെന്ന് മറ്റൊരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിരുന്നു. ഗ്രനേഡുകൾ ആകും നിങ്ങളെ എതിരേൽക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്നെ വെറുക്കുന്നവർക്ക് തന്റെ ഈ വെള്ള ടി ഷർട്ട് ചുവപ്പാക്കാൻ അവസരം നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
നിർഭയം മുന്നേറാനാണ് തന്റെ കുടുംബവും, ഗാന്ധിജിയും തന്നോട് പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ ഒരു ജീവിതമില്ല. ജമ്മു കശ്മീരിലെ ജനങ്ങൾ തനിക്ക് ഗ്രനേഡുകൾ അല്ല, മറിച്ച് സ്നേഹമാണ് നൽകിയത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Discussion about this post