ലക്‌നൗ: 2008 ലാണ് എന്റെ ഭർത്താവ് മരിച്ചത്. അതായത് അർച്ചനയുടെ അച്ഛൻ. 2017 ൽ എന്റെ മകനും പാമ്പ് കടിയേറ്റ് മരിച്ചു. ഇതോടെ നാട്ടുകാർ എന്നെ എന്തോ ദുർമന്ത്രവാദിനിയായി ചിത്രീകരിച്ചു. മക്കളെ വളർത്താൻ പിന്നെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അതിന്റെ ഫലമാണ് ഇന്ന് എന്റെ മകൾ നേടിയ വിജയം. ആദ്യ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടമുയർത്തി രാജ്യത്തിന്റെ അഭിമാനമായ ടീമിലെ അർച്ചന ദേവിയുടെ അമ്മയുടെ വാക്കുകളാണിത്.
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് അർച്ചന ശിവറാം ദേവി എന്ന അർച്ചന ദേവി. അർച്ചനയ്ക്ക് നാല് വയസുളളപ്പോഴാണ് അച്ഛൻ ശിവറാം ക്യാൻസർ പിടിപെട്ട് മരിക്കുന്നത്. മൂന്ന് കുട്ടികളും നിറയെ കടവുമായിരുന്നു അന്ന് അർച്ചനയുടെ അമ്മ സാവിത്രിയുടെ മുൻപിൽ അവശേഷിച്ചത്. കഷ്ടപ്പാട് സഹിച്ചും മക്കളെ വളർത്താനായിരുന്നു സാവിത്രിയുടെ തീരുമാനം. പക്ഷെ വിധി അവരെ കൂടുതൽ പരീക്ഷണങ്ങളിലൂടെ കടത്തിവിട്ടുകൊണ്ടിരുന്നു.
10 വർഷം തികയുന്നതിനിപ്പുറം 2017 ൽ സാവിത്രിയുടെ ഇളയ മകൻ ബുദ്ധിമാൻ സിംഗ് പാമ്പ് കടിയേറ്റ് മരിച്ചു. ഇതോടെ നാട്ടുകാർ ഒന്നടങ്കം സാവിത്രിക്കെതിരെ തിരിഞ്ഞു. സാവിത്രി കാരണമാണ് ആ കുടുംബത്തിൽ രണ്ട് മരണങ്ങൾ സംഭവിച്ചതെന്ന് ആയിരുന്നു അവരുടെ ആരോപണം. സാവിത്രി ഒരു ദുർമന്ത്രവാദിയാണെന്ന് വരെ ആളുകൾ പറഞ്ഞുപരത്തി.
പരീക്ഷണം അവിടെയും അവസാനിച്ചില്ല. വീടിന് 20 കിലോമീറ്ററോളം അകലെയുളള കസ്തൂർബാ ഗാന്ധി അവാസ്യ ബാലികാ വിദ്യാലയത്തിൽ മകളെ പഠിക്കാൻ വിട്ടതോടെ അതിലും നാട്ടുകാർ ആ അമ്മയെ പ്രതിക്കൂട്ടിലാക്കി. മകളെ ആർക്കോ വിറ്റുവെന്ന് ആയിരുന്നു അയൽവാസികളും നാട്ടുകാരും പറഞ്ഞുപരത്തിയത്. അവിടെ നിന്നാണ് അർച്ചന പഠിച്ചും കളിച്ചും വളർന്ന് ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ കിരീടം നേടിയതിൽ അർച്ചനയുടെ പ്രകടനം നിർണായകമായിരുന്നു. എതിരാളികളായിരുന്ന ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഗ്രെയ്‌സ് സ്‌ക്രിവൻസിന്റെ ഉൾപ്പെടെ രണ്ട് മുൻനിര വിക്കറ്റുകൾ അർച്ചനയാണ് വീഴ്ത്തിയത്. മൂന്ന് ഓവറുകൾ എറിഞ്ഞ അർച്ചന 17 റൺസ് മാത്രം വിട്ടുകൊടുത്താണ് നിർണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ടൂർണമെന്റിലെ സ്‌കോട്ട്‌ലാന്റിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയും അർച്ചന ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു.
അന്ന് അർച്ചനയുടെ അമ്മയെ പഴിചാരിയവർ ഇന്ന് മകളുടെ വിശേഷം പങ്കുവെയ്ക്കാൻ അവരുടെ വീട്ടിലെത്തുകയാണെന്ന് ആ അമ്മ പറയുന്നു. തന്റെ അമ്മ വലിയ മനസിന് ഉടമയാണെന്നും അന്ന് ജീവിതം തകർക്കാൻ ശ്രമിച്ചവർ ഇന്ന് വീട്ടിലെത്തുമ്പോൾ അമ്മ അവർക്ക് ചായ നൽകിയാണ് സ്വീകരിക്കുന്നതെന്നും അർച്ചനയുടെ സഹോദരൻ രോഹിത് കുമാർ പറയുന്നു.
Discussion about this post