ന്യൂഡൽഹി : ഡൽഹി സർവ്വകലാശാലയിലെ മുഗൾ ഉദ്യാനത്തിന്റെ പേര് മാറ്റി. ഗൗതം ബുദ്ധ സെന്റിനറി എന്നാണ് ഉദ്യാനത്തിന്റെ പുതിയ പേര്. ജനുവരി 27 നാണ് ഉദ്യാനത്തിന്റെ പുനർനാമകരണം നടത്തിയത്. സർവ്വകലാശാല അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ മുഗൾ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാൻ’ എന്നാക്കി മാറ്റിയിരുന്നു. ഡൽഹി സർവ്വകലാശാലയിലെ ഉദ്യാനത്തിന്റെ പേര് മാറ്റിയ സംഭവം യാദൃശ്ചകമാണെന്നും ഏറെ നാളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയായിരുന്നുവെന്നും സർവ്വകലാശാല ഉദ്യോഗസ്ഥർ അറിയിച്ചു.
ഗൗതം ബുദ്ധന്റെ ഒരു പ്രതിമ ഈ ഉദ്യാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 15 വർഷങ്ങൾക്ക് മുൻപാണ് ഇതിവിടെ സ്ഥാപിച്ചത്. ഒരു സാധാരണ മുഗൾ ഉദ്യാനം പേർഷ്യൻ വാസ്തുവിദ്യാ രൂപകല്പനയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കനാലുകളും കുളങ്ങളും, ജലധാരകളും വെള്ളച്ചാട്ടങ്ങളും, പിന്നെ കോൺക്രീറ്റ് അല്ലെങ്കിൽ നീല ടൈലുകൾ കൊണ്ട് കെട്ടിയ വെള്ളക്കെട്ടുകളും ഇത്തരം ഉദ്യാനങ്ങളുടടെ പ്രത്യേകതയാണ്. താജ് മഹലിലേത് പോലെ പഴങ്ങളും പൂക്കളും നിറഞ്ഞ വൃക്ഷങ്ങൾ പ്രധാന ആകർഷണമാണ്.
എന്നാൽ ഇവയൊന്നും സർവ്വകലാശാലയിലെ ഉദ്യാനത്തിൽ ഇല്ല. പിന്നെ എന്തിനാണ് ഇതിനെ മുഗൾ ഉദ്യാനം എന്ന് വിളിക്കുന്നത് എന്നാണ് അധികൃതരുടെ ചോദ്യം. വരുന്ന മാർച്ച് മാസത്തിൽ ഈ ഉദ്യാനത്തിൽ വെച്ച് ഒരു ഫ്‌ളവർ ഷോ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും സർവ്വകലാശാല അധികൃതർ പറയുന്നു.
Discussion about this post