ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് ഏഴ് മണിയോടെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മകനാണ്.
മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മുതൽ 79 വരെ നിയമ മന്ത്രിയായിരുന്നു. പ്രശസ്ത എൻജിഒയായ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്റെ സ്ഥാപകനാണ് അദ്ദേഹം. ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയുൾപ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങളിൽ ലഭിച്ച നിരവധി പൊതുതാത്പര്യ ഹർജികളിൽ വാദിച്ച് വിജയിച്ചിട്ടുണ്ട്.
കോൺഗ്രസിലൂടെയായിരുന്നു ശാന്തി ഭൂഷൺ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. രാജ്യസഭാ എംപിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആറ് വർഷക്കാലം ബിജെപിയിലും പ്രവർത്തിച്ചു. ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തി ഭൂഷൺ.
പിതാവിന്റെ വിയോഗത്തിലൂടെ ഒരു യുഗം അവസാനിച്ചതായി പ്രശാന്ത് ഭൂഷൺ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയുടെയും നിയങ്ങളുടെയും വളർച്ച ഇത്രമേൽ അടുത്തു കണ്ടിട്ടുള്ളതായി ആരുമുണ്ടാകില്ല. ഇതേക്കുറിച്ച് അദ്ദേഹം തന്റെ രണ്ട് പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്. നമുക്ക് നികത്താൻ ആകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റേതെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
Discussion about this post