ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിനായുള്ള വിവിധ പദ്ധതികൾ ഉൾക്കൊള്ളുന്ന കേന്ദ്രബജറ്റ് ഇന്ന്. പാർലമെന്റിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.
നിലവിൽ ആഗോളതലത്തിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനെ പ്രതിരോധിച്ച് രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ബജറ്റാകും ഇക്കുറിയുണ്ടാകുക എന്നാണ് സൂചന. ഇതിന് പുറമേ കൊറോണ വ്യാപനം പതുക്കെയാക്കിയ സാമ്പത്തിക രംഗത്തിന്റെ ഉയർച്ച വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. അടുത്ത വർഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രത്യേകിച്ച് നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ആദായ നികുതി, വായ്പ പലിശലകൾ എന്നിവയിൽ വലിയ വലിയ ഇളവാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. പുതിയ നികുതി സമ്പ്രദായത്തിന്റെ ഭാഗമായി നികുതി ഇളവിനുള്ള പരിധി രണ്ടര ലക്ഷം രൂപയിൽ നിന്നും മൂന്നര ലക്ഷമായി ഉയർത്തിയേക്കാം. നിലവിൽ ആരോഗ്യ ഇൻഷൂറൻസിനായി പരിധി 25,000 രൂപയാണ്. കേന്ദ്രസർക്കാർ ഇത് 50,000 ആയി ഉയർത്താനാണ് സാദ്ധ്യത. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു. വാഹനങ്ങൾ വാങ്ങുന്നതിനായുള്ള വായ്പകൾ പലിശ രഹിതമാക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അത് ആളുകൾ കൂടുതലായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിലേക്ക് നയിക്കും. ഇതിന് പുറമേ ഇലക്ട്രിക് കാറുകളുടെ ചാർജറുകളുടെ ജിഎസ്ടിയിൽ ഇളവ് പ്രതീക്ഷിക്കുന്നു. നിലവിൽ 18 ശതമാനമുള്ള ജിഎസ്ടി അഞ്ച് ശതമാനമായി കുറഞ്ഞേക്കാം.
സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് അനുഗുണമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കാം. സംരംഭങ്ങൾക്കായുള്ള വായ്പകളിൽ ആശ്വാസകരമായ ഇളവുകൾ വന്നേക്കാം. അടുത്ത വർഷം 6.8 % വരെ വളർ മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട്. ഇത് പൂർണമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. കാർഷിക രംഗത്തും ആശാവഹമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post