കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും. സൈബിക്കെതിരെ തുടർ നടപടി എടുക്കാം എന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറൽ നൽകിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എഡിജിപി റാങ്കിൽ കുറയാത്ത ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണസംഘം രൂപീകരിക്കാനാണ് സാധ്യത.
മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് വി.വി.കുഞ്ഞികൃഷ്ണൻ എന്നിവരുടെ പേരിലാണ് സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 72 ലക്ഷമാണ് ഇത്തരത്തിൽ കൈപ്പറ്റിയതെന്നും, ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങിയെന്നും മൊഴി നൽകിയിട്ടുണ്ട്.
ആരോപണത്തിന്മേൽ ബാർ കൗൺസിലും സൈബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സൈബി. പോലീസ് കേസെടുത്താൽ സൈബി ഈ സ്ഥാനം ഒഴിയും.
Discussion about this post