ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. 11 മണിയോടെയാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക മേഖല ശരിയായ ദിശയിൽ മുന്നേറുകയാണ്. നല്ലൊരു ഭാവികാലം നമുക്ക് മുൻപിലുണ്ട്. ആഗോള പ്രതിസന്ധിയിലും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഉണ്ടായത് നേട്ടങ്ങൾ മാത്രമാണെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
കൊറോണക്കാലത്ത് 28 മാസക്കാലം ആളുകൾക്ക് 80 കോടി ഭക്ഷ്യധാന്യങ്ങൾ സർക്കാർ വിതരണം ചെയ്തു. ആഗോളതലത്തിൽ നിരവധി വെല്ലുവിളി നേരിടുമ്പോഴും ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. ഇത് ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ മേൽക്കോയ്മയാണ് വ്യക്തമാക്കുന്നത്.
2014 മുതൽ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ 9 വർഷം കൊണ്ട് ഇന്ത്യയുടെ ആളോഹരി വരുമാനം 1.97ലക്ഷമായി ഉയർന്നു. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴിൽ നിന്നും അഞ്ചാമതായി ഉയർന്നുവെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
ഈ വർഷം ഏഴ് ശതമാനം വളർച്ചയാണ് സാമ്പത്തിക മേഖലയിൽ പ്രതീക്ഷിക്കുന്നത്. കൊറോണ വ്യാപനം, യുദ്ധം എന്നിവ ആഗോളതലത്തിൽ സാമ്പത്തിക മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഏഴ് ശതമാനം വളർച്ച രാജ്യം കൈവരിക്കും. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സാമ്പത്തിക മേഖലയെ ആധാരമാക്കിക്കൊണ്ട് സാങ്കേതിക വിദ്യകളാൽ മുന്നോട്ട് പോകുന്നതാണ് ഇന്ത്യയുടെ അമൃതകാലം എന്ന കാഴ്ചപ്പാട്. എല്ലാവരുടെയും വികസനത്തിലൂടെ മാത്രമേ ഇത് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ കൂടുതലായി ഉപയോഗിക്കാൻ ആരംഭിച്ചത് സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്തു.
Discussion about this post