ന്യൂഡൽഹി: യുവകർഷകർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മികച്ച പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തി കേന്ദ്രബജറ്റ്. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കും. കൃഷിക്ക് ഐടി അധിഷ്ഠിത വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തും. ആത്മനിർഭർ ക്ലീൻ പ്ലാന്റ് പദ്ധതി വഴി രോഗബാധയില്ലാത്ത ഗുണനിലവാരമുള്ള വിളകൾ ഉത്പാദിപ്പിക്കും. ഇതിനായി 2200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൈവ കൃഷിക്കായി ഒരു കോടി കർഷകർക്ക് സഹായം നൽകും. ജൈവ കൃഷിയിലേക്ക് മാറുന്നതിനുള്ള പിന്തുണയായാണ് സഹായം നൽകുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2516 കോടി രൂപ നീക്കി വക്കും. പിഎം പ്രണാം എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും വളം ഉപയോഗത്തിനുമായുള്ള പുതിയ പദ്ധതിയാണിത്. ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നടപടികൾ ആവിഷ്‌കരിക്കും. ഗ്രീൻ ഹൈഡ്രജൻ മിഷന് വേണ്ടി 19,700 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. മത്സ്യരംഗത്തെ വികസനത്തിനായി 6000 കോടി അനുവദിക്കും. മത്സ്യമേഖലയിലെ പുനരുദ്ധാരണത്തിന് വേണ്ടി ഈ തുക പൂർണമായും നീക്കി വയ്ക്കും.
Discussion about this post