ന്യൂഡൽഹി : രാജ്യത്ത് മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്നതാണ് അടുത്ത സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തുടനീളമുള്ള അഴുക്കുചാലുകളിലെയും സെപ്റ്റിക് ടാങ്കുകളിലെയും അഴുക്ക് മെക്കാനിക്കൽ പ്രക്രിയയിലൂടെ നീക്കം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.
എല്ലാ നഗരങ്ങളിലെയും പട്ടണങ്ങളിലെയും 100 ശതമാനം അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്ന രീതിയിൽ മാറ്റം വരുത്തും. ഇതിനായി കേന്ദ്ര സംവിധാനം ലഭ്യമാക്കും. സാങ്കേതിക അടിസ്ഥാനത്തിലായിരിക്കും ശുചീകരണം നടത്തുക. മാലിന്യ ശുചീകരണത്തിൽ നിന്ന് ആളുകളെ മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം.
2017 മുതൽ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ നാനൂറോളം പേർ മരിച്ചതായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ഇല്ലാതാക്കാനാണ് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനൊരുങ്ങുന്നത്.
Discussion about this post