തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരതയായി പോയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ സംസ്ഥാനം ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്നും ബാലഗോപാൽ ആരോപിച്ചു.
എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയായിരുന്നു. കേന്ദ്ര പദ്ധതികൾക്ക് നൽകിയിരുന്ന പണം ഇൻപുട്ട് അടിസ്ഥാനത്തിൽ നൽകിയിരുന്നത് ഫലപ്രാപ്തിയെ ആസ്പദമാക്കി നൽകാനുള്ള തീരുമാനം സംസ്ഥാനത്തിന് തിരിച്ചടിയാണ്. കേന്ദ്ര സർക്കാരിന്റെ പണം വീതം വെക്കുന്നതിൽ സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാട്ടുന്നതെന്നും ബാലഗോപാൽ ആരോപിച്ചു.
കേന്ദ്ര ബജറ്റ് നിരാശജനകമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതികരണം. ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.
അതേസമയം കേന്ദ്ര ബജറ്റ് ചരിത്രപരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്. ആദായ നികുതി പരിധി ഉയർത്തിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ജനക്ഷേമപരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Discussion about this post