ന്യൂഡൽഹി: രാഹുൽ ഗാന്ധി എന്താണ് പറയുന്നത്, എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാൻ പോകാറില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംബന്ധിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആ യാത്രയിൽ എന്താണ് സംഭവിച്ചത് എന്താണ് രാഹുൽ പറഞ്ഞത് എന്നുള്ള കാര്യങ്ങളൊന്നും താൻ ശ്രദ്ധിച്ചിട്ടില്ലെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
ഭാരത് ജോഡോ യാത്ര ലക്ഷ്യം കണ്ടോ എന്ന ചോദ്യത്തിന് ഗഡ്കരിയുടെ മറുപടി ഇപ്രകാരമായിരുന്നു. ” ഞാൻ ആ യാത്ര കണ്ടിട്ടില്ല. എനിക്ക് അമിതഭാരമുണ്ടായപ്പോൾ കാൽനടയാത്ര നടത്തണമെന്ന് എനിക്ക് ഉപദേശം ലഭിച്ചിരുന്നു. അതുപോലെയായിരിക്കാം രാഹുലും ഭാരത് ജോഡോ യാത്ര ആരംഭിച്ചത്”.
ബിജെപി വിദ്വേഷം പടർത്തുകയാണെന്ന് രാഹുലിന്റെ ആരോപണങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു. ” ബിജെപി ഒരു തരത്തിലുള്ള വിവേചനവും നടത്താറില്ല.നരേന്ദ്രമോദി സർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്‌കരിച്ചാലും അതെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും മനസിൽ വച്ച് കൊണ്ടാണ് നടപ്പാക്കാറുള്ളത്. അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ എത്തുമെന്ന കാര്യം ഉറപ്പാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോൺഗ്രസ് ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ഭയം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. 2024ൽ ജനം അവർക്ക് ഉചിതമായ മറുപടി നൽകുമെന്നും” നിതിൻ ഗഡ്കരി പറഞ്ഞു.
Discussion about this post