വ്യാഴത്തിന് 12 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ. പുതിയ കണ്ടെത്തലോടെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന റെക്കോർഡും വ്യാഴം സ്വന്തമാക്കി. ശനിയായിരുന്നു നേരത്തെ ഈ റെക്കോർഡിന് ഉടമ. 83 ഉപഗ്രഹങ്ങളാണ് ശനിക്കുള്ളത്. മുൻ കണക്കുകൾ പ്രകാരം 80 ഉപഗ്രഹങ്ങളായിരുന്നു വ്യാഴത്തിന് ഉണ്ടായിരുന്നത്. പുതിയ കണ്ടെത്തലോടെ ഇത് 92 ആയി ഉയർന്നു.
വാഷിംഗ്ടണിലെ കാർനെഗീ ഇൻസ്റ്റിറ്റിയൂഷൻ ഫോർ സയൻസിലെ ജ്യോതിശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പേർഡ് നടത്തിയ നിരീക്ഷണത്തിലാണ് വ്യാഴത്തിന്റെ പുതിയ ചന്ദ്രന്മാരെ കണ്ടെത്തിയത്. മൈനർ പ്ലാനറ്റ് സെന്ററിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈനർ പ്ലാനറ്റ് സെന്റർ ഇലക്ട്രോണിക് സർക്കുലറുകളിലാണ് വ്യാഴത്തിന്റേയും ശനിയുടേയും പുതിയ ഉപഗ്രങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്താറുള്ളത്.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയതോടെ ഒരു ചെറിയ സൗരയൂഥമായി തന്നെ വ്യാഴത്തെ വിശേഷിപ്പിക്കുന്നുണ്ട്. വ്യത്യസ്ത വലിപ്പത്തിലും, ദൂരത്തിലുമാണ് പുതിയതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾ. 340 ദിവസത്തിലധികമാണ് ഇവയുടെ ഭ്രമണപഥം നീണ്ടുനിൽക്കുന്നത്.
വ്യാഴത്തെ കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടത്തുന്നതിനായി നാസ ഒരു പേടകം അയക്കാൻ പദ്ധതി ഇട്ടിരുന്നു. ഈ ദാത്യം നടപ്പാകുന്നതിന് ഒരു വർഷം മുൻപാണ് നിർണായക കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. വ്യാഴത്തിൽ ജീവിക്കാൻ അനുകൂലമായ സാഹചര്യമുണ്ടോ എന്നത് കണ്ടെത്തലാണ് നാസയുടെ ദൗത്യത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. വ്യാഴത്തിന്റെ ഘടന അടക്കമുള്ള നിർണായക വിവരങ്ങളും പേടകം ശേഖരിക്കും.
Discussion about this post