കണ്ണൂർ: പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ വില്ലനായത് പെട്രോൾ. കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികളാണ് വാഹനത്തിലുണ്ടായ തീ പിടിത്തം രൂക്ഷമാക്കിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ കുറ്റിയാട്ടൂർ സ്വദേശികളായ പ്രജിത്ത്, റീഷ എന്നിവരാണ് മരിച്ചത്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിനടിയിൽ രണ്ട് കുപ്പി പെട്രോൾ ആണ് പ്രജിത്ത് സൂക്ഷിച്ചിരുന്നത്. ഓടുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം വാഹനത്തിന് തീപിടിച്ചു. തീ പെട്രോളുമായി ചേർന്നതോടെ തീ ആളിപടരുകയായിരുന്നു. വാഹനത്തിൽ എയർ പ്യൂരിഫയറും ഉണ്ടായിരുന്നു. ഇതും അഗ്നിബാധ രൂക്ഷമാക്കി. തീ ഡോറിലേക്ക് പടർന്നതോടെ ലോക്കിംഗ് സിറ്റം പ്രവർത്തനരഹിതമായി. ഇതോടെയാണ് മുൻ സീറ്റിൽ ഇരുന്നിരുന്ന പ്രജിത്തും, റീഷയും കാറിനുള്ളിൽ കുടുങ്ങിപ്പോയത്. വാഹനത്തിന്റെ പിൻഭാഗത്തേക്ക് തീ പടരുന്നതിന് മുൻപുതന്നെ പിൻവാതിലിന്റെ ലോക്ക് പ്രജിത്ത് മാറ്റിയിരുന്നു.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു പ്രജിത്തും, റീഷയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പ്രസവ വേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം. ഇവർക്ക് പുറകിലായി വന്ന വാഹനം ആണ് സംഭവം ആദ്യം കണ്ടത്. ഇവരെ നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.












