കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കേറ്റ് കേസിൽ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടപടി നേരിട്ട അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് അനിൽ കുമാർ. സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞിട്ടാണ് താൻ ജനന സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് എന്ന് അനിൽ കുമാർ പറയുന്നു. ഇത് വിവാദമായപ്പോൾ തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ഡോക്ടർ ഗണേഷ് മോഹൻ ശ്രമിക്കുകയാണ്.
സർട്ടിഫിക്കേറ്റിനുളള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരാണ് തനിക്ക് തന്നത്. സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഇത് വാങ്ങി നൽകുക മാത്രമാണ് ചെയ്തത്. നേരത്തെയും ഇത്തരത്തിൽ ഗണേഷ് കുമാർ വ്യാജ സർട്ടിഫിക്കേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ടെന്നാണ് ആരോപണം. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്.
ആശുപത്രിയുടെ കാന്റീൻ നടത്തിപ്പ് കൈമാറിയതിന് പുതിയ കരാറുകാരിൽ നിന്ന് സൂപ്രണ്ട് കൈക്കൂലി വാങ്ങി. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിൻറെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽകുമാർ പറഞ്ഞു
അതേസമയം ആശുപത്രി സൂപ്രണ്ട് ഈ ആരോപണങ്ങളെല്ലാം തള്ളി. അനിൽ കുമാറിന്റെ കള്ളക്കളി പിടികൂടിയത് താനാണെന്നും തന്റെ കാലിൽ വീണ് അനിൽ കുമാർ മാപ്പ് പറഞ്ഞതിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നുമാണ് ഗണേഷ് കുമാർ പറയുന്നത്. കേസിൽ പ്രതിയായതോടെ അനിൽ കുമാർ നിലപാട് മാറ്റുകയാണ്. തന്നെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്.
ഈ കേസിൽ ഉൾപ്പെട്ട ദമ്പതികളെ അറിയില്ലെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ സർട്ടിഫിക്കേറ്റ് നൽകിയിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിയുടെ മകൻ ചികിത്സ തേടിയിരുന്നു എന്നത് ശരിയാണ്. എന്നാൽ ഇയാൾക്ക് ശരിയായ സർട്ടിഫിക്കേറ്റാണ് നൽകിയത്. ആശുപത്രി കാന്റീൻ നടത്തിപ്പിന് കരാർ നൽകിയതിലും അഴിമതിയില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.
വ്യാജ ജനന സർട്ടിഫിക്കേറ്റ് ഉണ്ടാക്കുക എന്നത് ഗുരുതര തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു. ഇതിന് പിന്നിൽ ഒരു സംഘം ഉണ്ടോയെന്ന് സംശയിക്കുന്നു. ആർക്ക് വേണ്ടിയാണ് വ്യാജ ജനന സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയത് എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post