2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനെ ചൊല്ലി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊൽക്കത്തയിലും മുംബൈയിലുമായി തന്നെ മത്സരങ്ങൾ നടക്കുമെന്ന് ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശ് താരങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദം ഐസിസി അംഗീകരിച്ചില്ല. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസി നിരീക്ഷിച്ചു.
എന്നാൽ, ഇന്ത്യയിലെ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ ബംഗ്ലാദേശിന് ലഭിക്കേണ്ട പോയിന്റുകൾ നഷ്ടമാകുമെന്നും അത് ടൂർണമെന്റിലെ അവരുടെ മുന്നേറ്റത്തെ ബാധിക്കുമെന്നും ഐസിസി മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ടൂർണമെന്റിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ വേദികൾ മാറ്റുന്നത് പ്രായോഗികമല്ലെന്നും അത് മറ്റ് ടീമുകളുടെ യാത്രയെയും താമസസൗകര്യങ്ങളെയും ബാധിക്കുമെന്നും ബിസിസിഐയും വ്യക്തമാക്കിയിരുന്നു.
ഐപിഎൽ 2026-ൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം കെകെആർ ഒഴിവാക്കിയതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്. തങ്ങളുടെ താരങ്ങൾ ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന വാദമുയർത്തിയാണ് അവർ വേദി മാറ്റം ആവശ്യപ്പെട്ടത്.













Discussion about this post