പാൽഗഡ്: മരിച്ചുവെന്ന് കരുതിയ 60കാരനെ മാസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഗഡ് ജില്ലയിലാണ് സംഭവം. പാൽഗഡിലെ ഒരു അനാഥാലയത്തിൽ നിന്നാണ് റഫീഖ് ഷെയ്ഖ് എന്നയാളെ കണ്ടെത്തിയത്. റഫീഖും സുഹൃത്തും തമ്മിൽ നടത്തിയ വീഡിയോ കോൾ ആണ് ഇദ്ദേഹത്തെ കണ്ടെത്താൻ സഹായകരമായത്. അതേസമയം മരിച്ചുവെന്ന് കരുതി ആരുടെ മൃതദേഹമാണ് കുഴിച്ചിട്ടത് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുൻപാണ് റഫീഖിനെ കാണാതാകുന്നത്. ഇയാളെ കാണാതായെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പാൽഗഡിൽ ഒരു വ്യക്തി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചതായി കണ്ടെത്തി. അജ്ഞാതനായ വ്യക്തിയുടെ ചിത്രം സഹിതം ആളെ തിരിച്ചറിയാൻ പോലീസ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു.
പിന്നാലെ പാൽഗഡിൽ നിന്ന് ഒരാളെത്തി, മരിച്ചത് തന്റെ സഹോദരൻ റഫീഖ് ആണെന്ന് പോലീസിനെ അറിയിച്ചു. കുടുംബം നേരത്തെ നല്‍കിയ പരാതിയുടെ പകർപ്പും ഇവിടെ കാണിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയേയും ഈ വിവരം അറിയിച്ചു. ഇവർ കേരളത്തിൽ നിന്നും പാൽഗഡിൽ എത്തുകയും മൃതദേഹം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് മൃതദേഹം കുടുംബത്തിന് കൈമാറി.
ഇതിനിടെയാണ് മരണവിവരം ഒന്നും അറിയാതെ ഒരു സുഹൃത്ത് റഫീഖുമായി വീഡിയോ കോൾ ചെയ്യുന്നത്. താൻ സുഖമായിരിക്കുന്നുവെന്നും റഫീഖ് സുഹൃത്തിനെ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മരണവിവരം അറിഞ്ഞതോടെയാണ് ഇയാൾ കുടുംബാംഗങ്ങളെ കാര്യം അറിയിക്കുന്നത്. കുടുംബം ഉടൻ പോലീസിലും ഇക്കാര്യം അറിയിച്ചു.
അന്വേഷണത്തിൽ റഫീഖ് ആണ് അനാഥാലയത്തിൽ ഉള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇപ്പോൾ ആരുടെ മൃതദേഹമാണ് റഫീഖിന്റേത് എന്ന് പറഞ്ഞ് സംസ്‌കരിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.
Discussion about this post