പ്യോങ് യാങ്: ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിനെ പൊതു ഇടങ്ങളിൽ കാണാതായതിന് പിന്നാലെ ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. ബഹുജന പരേഡ് നടക്കാനിരിക്കെ കിം ജോംഗ് ഉന്നിനെ കാണാതായതാണ് പലരിലും സംശയത്തിന് ഇടയാക്കിയത്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ് യാങ്ങിലാണ് ഈയാഴ്ച പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസക്കാലമായി ഇദ്ദേഹം പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊറിയൻ പീപ്പിൾസ് ആർമിയുടെ 75ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ ആണവായുധങ്ങളും മിസൈലുകളും യുദ്ധസന്നാഹങ്ങളുമെല്ലാം ഇത്തരം പരേഡുകളിൽ പ്രദർശിപ്പിക്കാറുണ്ട്. കിം ജോംഗ് ഉൻ മുൻകൈ എടുത്താണ് ഈ പ്രദർശനം സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന പൊളിബ്യൂട്ടോ മീറ്റിംഗിൽ നിന്നും കിം ജോംഗ് ഉൻ വിട്ടു നിന്നു. മൂന്നാം തവണയാണ് കിം ജോംഗ് ഉൻ മീറ്റിങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്.
40 ദിവസത്തോളമായി ഇദ്ദേഹം പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം ദക്ഷിണ കൊറിയയുമായി സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള യുഎസ് തീരുമാനത്തെ ആണവായുധം ഉപയോഗിച്ച് നേരിടുമെന്ന് കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു.












