അഗർത്തല; ത്രിപുരയിൽ കോൺഗ്രസും ഇടതും ഒന്നിച്ചപ്പോൾ ബിജെപി ഭയന്നുപോയെന്ന് സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ മാണിക് സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മാണിക് സർക്കാർ. ത്രിപുരയിലെ കോൺഗ്രസ് -ഇടത് സഖ്യത്തെ ന്യായീകരിക്കാനാണ് അധികസമയവും മാണിക് സർക്കാർ നീക്കിവെക്കുന്നത്.
സംസ്ഥാനത്ത് ജനാധിപത്യം പുന:സ്ഥാപിക്കാനുളള ജനങ്ങളുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് – ഇടത് സഖ്യം ഉണ്ടായത്. ജനാധിപത്യം പുനസ്ഥാപിക്കാനും മതേതരത്വത്തിനും വ്യക്തിതാൽപര്യം സംരക്ഷിക്കാനും കോൺഗ്രസും ഇടതു പാർട്ടികളും പരസ്പരം സഹായിക്കുകയാണ് ചെയ്യുന്നതെന്നും മാണിക് സർക്കാർ പറയുന്നു.
ഫാസിസ്റ്റ് ഭരണത്തെ പുറത്താക്കാനാണ് ഈ സഖ്യം. കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചതോടെ ബിജെപി ഭയന്നുവിറച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ത്രിപുരയിൽ ജനാധിപത്യത്തെ ഞെക്കിക്കൊല്ലുകയാണെന്നും മാണിക് സർക്കാർ ആരോപിക്കുന്നു.
കോൺഗ്രസുമായുളള ഇടതുപക്ഷ ബന്ധത്തിന്റെ ധാർമികതയെ ആണ് ബിജെപി ചോദ്യം ചെയ്യുന്നത്. പക്ഷെ എങ്ങനെയാണ് കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചതെന്നാണ് ബിജെപി ചിന്തിക്കേണ്ടതെന്നും മാണിക് സർക്കാർ പറയുന്നു. ബിജെപിയെ ദേശീയ തലത്തിൽ നിന്ന് പുറത്താക്കി രാജ്യത്തെ രക്ഷിക്കാനുളള മുദ്രാവാക്യത്തിന് ത്രിപുര ആക്കം പകരുമെന്നും മാണിക് സർക്കാർ അവകാശപ്പെടുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ത്രിപുരയിൽ വന്ന് പ്രചാരണം നടത്തിയാലും വിജയിക്കാൻ പോകുന്നില്ലെന്നും മാണിക് സർക്കാർ പറയുന്നു.
2018 ൽ കോൺഗ്രസിന്റെ 38 ശതമാനം വോട്ടുകളാണ് നഷ്ടമായത്. ഇടത് പാർട്ടികൾക്കും 6-7 ശതമാനം വോട്ടുകൾ നഷ്ടമായി. ഇക്കുറി ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ പിന്തുണയിലും വലിയ തോതിൽ ഇടിവുണ്ടായെന്നും മാണിക് സർക്കാർ പറയുന്നു. അതേസമയം
സംസ്ഥാനത്തെ 20 ഗോത്ര സീറ്റുകളിൽ 10 എണ്ണത്തിൽ ബിജെപിയും എട്ടെണ്ണത്തിൽ ഐപിഎഫ്ടിയും വിജയിച്ചപ്പോൾ സിപിഎമ്മിന് 2018 ലെ തിരഞ്ഞെടുപ്പിൽ നിലനിർത്താനായത് രണ്ട് സീറ്റുകൾ മാത്രമാണ്.
Discussion about this post