ന്യൂഡൽഹി : ഇന്ത്യ ഒരിക്കലും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ കൈവിടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അഫ്ഗാനിലെ ഭക്ഷ്യസുരക്ഷയിലും മെഡിക്കൽ വിതരണത്തിലും ഇന്ത്യയുടെ കരുതൽ അടിവരയിട്ടുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമമാണ് ഇന്ത്യയുടെ ”മുൻഗണന” എന്ന് പറഞ്ഞ ഡോവൽ, ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന അഫ്ഗാനുമായുള്ള ഇന്ത്യയുടെ ചരിത്രപരവും സവിശേഷവുമായ ബന്ധവും ചൂണ്ടിക്കാട്ടി. അഫ്ഗാനുമായി ബന്ധപ്പെട്ട ഒരു യോഗത്തിലാണ് അജിത് ഡോവൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യം ഇതുവരെ 40,000 മെട്രിക് ടൺ ഗോതമ്പ്, 60 ടൺ മരുന്നുകൾ, 500,000 കൊറോണ പ്രതിരോധ വാക്‌സിനുകൾ, ശൈത്യകാല വസ്ത്രങ്ങൾ, 28 ടൺ ദുരന്ത നിവാരണ സാമഗ്രികൾ എന്നിവ അഫ്ഗാനിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, 300 പെൺകുട്ടികൾ ഉൾപ്പെടെ അഫ്ഗാനിലെ 2,260 വിദ്യാർത്ഥികൾക്ക് ഇന്ത്യ സ്‌കോളർഷിപ്പുകൾ അനുവദിച്ചു. ഇത് ഇനിയും തുടരുമെന്ന് അജിത് ഡോവൽ പറഞ്ഞു.
മേഖലയിൽ ഭീകരവാദം വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ദാഇഷ്, ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ നേരിടാൻ അതത് രാജ്യങ്ങൾ തമ്മിലുള്ള രഹസ്യാന്വേഷണ, സുരക്ഷാ സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകൾക്ക് അഭയം നിഷേധിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ ശേഖരങ്ങൾ ആദ്യം അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ച അദ്ദേഹം, തീവ്രവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ആവർത്തിച്ചു.
ഇന്ത്യ എല്ലായ്‌പ്പോഴും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുണ്ട്. വീണ്ടും സമ്പന്നവും ഊർജ്ജസ്വലവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ അഫ്ഗാനിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെ എപ്പോഴും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post