സോൾ: ഉത്തരകൊറിയൻ സൈന്യത്തിന്റെ 75ാം വാർഷികാഘോഷത്തിൽ പങ്കാളിയായി കിം ജോംഗ് ഉൻ. ഏറെ നാളുകളായി പൊതുവേദികളിൽ നിന്ന് വിട്ട് നിന്നിരുന്ന കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് കിം ജോംഗ് ഉൻ ഭാര്യ റി സോൾ ജൂവിനും മകൾ ജു എയ്ക്കുമൊപ്പം സൈനിക പരേഡിൽ പങ്കെടുക്കാനെത്തിയത്. മൂന്ന് പേരും സൈനിക മേധാവിമാർക്കൊപ്പം ഇരിക്കുന്ന നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മകളെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ചടങ്ങിൽ പങ്കെടുപ്പിച്ചതെന്നാണ് സൂചന. കിമ്മിന്റെ രണ്ടാമത്തെ കുട്ടിയാണിത്. ഒൻപത് വയസ്സുകാരിയായ ജു എ ഇത് നാലാം തവണയാണ് ഒരു പൊതു പരിപാടിയിൽ പിതാവിനൊപ്പം പ്രത്യക്ഷപ്പെടുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളിലും കിം ജോംഗിനൊപ്പം ജു എ ഉണ്ടായിരുന്നു.
കഴിഞ്ഞ നവംബറിൽ ഉത്തരകൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ഫ്‌ളൈറ്റ് ടെസ്റ്റിലും കിം ജോംഗിനൊപ്പം ജു എ പങ്കെടുത്തിരുന്നു. ഉത്തരകൊറിയയുടെ ആണവായുധങ്ങൾ പ്രദർശിപ്പിക്കുന്ന പരേഡ് അടുത്ത ദിവസമാണ് പ്യോങ്യാങിൽ നടക്കാനിരിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങളും കിം ജോംഗ് ഉൻ വിലയിരുത്തി.















Discussion about this post