നാഗ്പൂർ: ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തു. 56 റൺസുമായി ക്യാപ്ടൻ രോഹിത് ശർമ്മയും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാൻ അശ്വിനുമാണ് ക്രീസിൽ. 20 റൺസെടുത്ത ഓപ്പണർ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ സ്പിന്നർ ടോഡ് മർഫിക്കായിരുന്നു വിക്കറ്റ്.
നേരത്തേ, സ്പിന്നർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യ 177 റൺസിന് പുറത്താക്കി. കരിയറിലെ പതിനൊന്നാം 5 വിക്കറ്റ് പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേർന്നാണ് ഓസീസ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കൂട്ടിയത്. സിറാജിനും ഷമിക്കും ഓരോ വിക്കറ്റ് ലഭിച്ചു.
49 റൺസെടുത്ത മാർനസ് ലബൂഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് 37 റൺസും അലക്സ് കേയ്രി 36 റൺസും നേടി.
സ്പിന്നിനെ അതിരുവിട്ട് തുണയ്ക്കുന്ന പിച്ചിൽ പക്ഷേ, ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഓസീസ് പേസ്- സ്പിൻ ആക്രമണത്തെ സമർത്ഥമായാണ് ഇന്ത്യൻ ഓപ്പണർമാർ നേരിട്ടത്. ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് യാതൊരു ഭീഷണിയും ഉയർത്താൻ അവസാന സെഷൻ ആയിട്ട് കൂടി ഓസീസ് സ്പിന്നർ നഥാൻ ലിയോണിന് സാധിച്ചില്ല. പക്ഷേ മർഫി നന്നായി പന്തെറിഞ്ഞു. അവസാന നിമിഷം ശ്രദ്ധ പാളിയ രാഹുലിനെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. സമ്മർദ്ദത്തെ അനുഭവസമ്പത്ത് കൊണ്ട് നേരിട്ട് അശ്വിൻ രോഹിത്തിനൊപ്പം ക്രീസിൽ തുടരുകയാണ്.
Discussion about this post