കൊച്ചി : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും നികുതി വർദ്ധനവിനുമെതിരെ മാർച്ച് നടത്തി ബിജെപി. കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പോലീസ് ബാരിക്കേഡുകൾ കൊണ്ട് മാർച്ച് തടഞ്ഞു. തുടർന്ന് സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പെട്രോളിന്റെയും ഇന്ധനത്തിന്റെയും വില വർദ്ധിച്ചുവെന്ന് പറഞ്ഞ് തെരുവിൽ അടുപ്പ് കൂട്ടി കപ്പ വെച്ച പിണറായി വിജയന്റെ ഭാര്യ കമല ഇന്ന് എവിടെയാണ് എന്നാണ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ചോദിച്ചത്. 2014 ൽ വിലക്കയറ്റം രൂക്ഷമാണെന്ന് പ്രഖ്യാപിച്ച് നടുറോഡിൽ ഭക്ഷണം പാകം ചെയ്ത എംഎ ബേബിയും കുടുംബവും എംവി ഗോവിന്ദനും കുടുംബവും വിജയരാഘവനും ഭാര്യയും എവിടെയാണ്. എല്ലാവരും മാളത്തിൽ ഒളിച്ചിരിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.
ഇന്ന് നികുതി കുട്ടാത്തതായി സംസ്ഥാനത്തിന്ന് ഒന്നുമില്ല. വെളളം കുടിക്കാനും ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും അധിക നികുതിയാണ്. കേരളത്തിൽ നിന്ന് ഓടിപ്പോകാമെന്ന് വിചാരിച്ചാൽ പൂട്ടിയിട്ട വീടിന് പോലും നികുതിയാണ്. മലമൂത്രവിസർജ്ജനത്തിനടക്കം നികുതി പ്രഖ്യാപിക്കുന്ന നാണംകെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. എന്തിനേറെ മദ്യപാനികളെപ്പോലും വഞ്ചിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം വിമർശിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിന് നികുതി ഭ്രാന്താണ്. തലയിൽ എണ്ണ തേച്ച് തളം വെച്ചാലേ ഇത് മാറുകയുള്ളൂ. നികുതി കുറയ്ക്കാതെ ഒരു കാരണവശാലം സർക്കാരിനെ മുന്നോട്ട് പോകാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തിലേ ഒരു കാര്യത്തിലും ഇടപെടുന്നില്ല. എല്ലാ സംസ്ഥാനങ്ങൾക്കും അനുവദിക്കുന്നത് കേരളത്തിനും കൊടുക്കുന്നുണ്ട്. കേന്ദ്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് ഒരു ധവളപത്രം ഇറക്കാൻ കേരളത്തിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയും ഐഎംഎഫിനോട് ഇന്ന് ദാനം ചോദിക്കുകയാണ്. 2014 ൽ ബിജെപി അധികാരത്തിൽ വന്നിട്ട് ഇതുവരെ ഐഎംഎഫിനോട് പണം ചോദിച്ചിട്ടില്ല. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. ഇന്ന് ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ, സാമ്പത്തിക മേഖലയിലെ നക്ഷത്രമായി ഉയർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു
Discussion about this post