ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളസിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരേ കന്നഡ സംഘടനാപ്രവര്‍ത്തകരുടെ ആക്രമണം. സ്ഥിരമായി മലയാളചലച്ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കുന്നുവെന്നാരോപിച്ച് ശിവാജി നഗറിലെ സംഗീത് തിയേറ്ററിനുനേരേയാണ് കന്നഡ രാജ്യോത്സവദിവസമായ ഞായറാഴ്ച ഒരു സംഘം ആക്രമണം നടത്തിയത്. തുടര്‍ന്ന് സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചു.
പ്രദര്‍ശനം ആരംഭിക്കുന്നതിനു മുന്‍പായി മുദ്രാവാക്യം വിളിച്ചെത്തിയ ഇരുപതോളം പേര് തിയേറ്റര്‍ വളപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലയാളം സിനിമാപോസ്റ്ററുകള്‍ സംഘം വലിച്ചുകീറി. തിയേറ്ററിലെ ചില ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍വരുത്തി. തിയേറ്ററില്‍ ഇനി മലയാളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും സിനിമ കാണാനെത്തിയവര്‍ മടങ്ങിപ്പോകണമെന്നും ഇവിടെയുണ്ടായിരുന്നവരോട് ഇവര്‍ ആവശ്യപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു
.ഈ സമയത്ത് ഇവിടെ പോലീസുകാരുണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല. അതേ സമയം പ്രദര്‍ശനത്തിന് മുന്‍കൂട്ടി ബുക്കുചെയ്തവരുടെ പണം മടക്കിനല്കാന് തിയേറ്റര്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതും ചെറിയരീതിയില്‍ വാക് തര്‍ക്കത്തിനിടയാക്കി. എന്നാല്‍, തിങ്കളാഴ്ച സിനിമാപ്രദര്ശനമുണ്ടാകുമെന്ന് തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.
പുതുതായി റിലീസ് ചെയ്ത രണ്ട് മലയാളചലച്ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചുവരുന്നത്. ബെംഗളൂരുവില്‍ വര്‍ഷങ്ങളായി മലയാളസിനിമ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററാണിത്. ഞായറാഴ്ചയായതിനാല്‍ നിരവധിമലയാളികള്‍ സിനിമ കാണാനെത്തിയിരുന്നു.
Discussion about this post