കശ്മീർ: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളും വടക്കുകിഴക്കൻ മേഖലകളിലെ കലാപങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരരേയും നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനികളുടെ 74ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 166 ഐപിഎസ് ഓഫീസർ ട്രെയിനികളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള 29 ഓഫീസർ ട്രെയിനികളും ഉൾപ്പെടെ 195 പേർ പരേഡിന്റെ ഭാഗമായി.
” എട്ട് വർഷത്തിലെ ഭരണത്തിനിടെ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളും, വടക്ക് കിഴക്കൻ മേഖലകളിലെ കലാപങ്ങളുമെല്ലാം നിയന്ത്രിക്കുന്നതിൽ വലിയൊരു പരിധി വരെ വിജയിക്കാനായി. അടുത്തിടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചു. ലോകത്തിന് മുന്നിൽ വലിയൊരു മാതൃക കാണിക്കാൻ ഇൗ തീരുമാനത്തിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു. ജനാധിപത്യത്തോട് ബിജെപി സർക്കാരിന് എത്രത്തോളം പ്രതിബന്ധതയുണ്ടെന്നും, അത് എത്രത്തോളം ശക്തമാണെന്നും കാണിക്കാൻ ഈ തീരുമാനത്തിലൂടെ സാധിച്ചു.
തീവ്രവാദത്തിനെതിരെ യാതൊരു സന്ധിയുമില്ലാത്ത പ്രവർത്തനമാണ് കേന്ദ്രം നടത്തുന്നത്. ഭീകരവിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പാക്കി. കേന്ദ്ര ഏജൻസികളെ ശക്തിപ്പെടുത്തി. തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറയാൻ ഇത് കാരണമായി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ ധാരാളം വെല്ലുവിളി നിറഞ്ഞ സമയം ഉണ്ടായിട്ടുണ്ട്. 36,000ത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് ഈ സമയങ്ങളിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും” അമിത് ഷാ വ്യക്തമാക്കി.
Discussion about this post