ന്യൂഡൽഹി: 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം. ഏഴിടങ്ങളിൽ ഗവർണർമാരെ മാറ്റി. ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിക്കാനും രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിട്ടു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചു. ബ്രിഗേഡിയർ ബി.ഡി.മിശ്രയാണ് ലഡാക്ക് ഗവർണർ. സി.പി.രാധാകൃഷ്ണനാണ് പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്.ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറായി ചുമതലയേൽക്കും.
ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും. രണ്ട് ഗവർണർമാരുടെ രാജിയും രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ലഡാക്ക് ഗവർണർമാരുടെ രാജിയാണ് സ്വീകരിച്ചത്. ഝാർഖണ്ഡ് ഗവർണർ രമേശ് ബയ്‌സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു.
ആന്ധ്രപ്രദേശ് ഗവർണറായിരുന്ന ബിശ്വഭൂഷൺ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്ക് മാറ്റി. മണിപ്പുർ ഗവർണർ ലാ. ഗണേശനെ നാഗാലാൻഡിൽ നിയമിച്ചു. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേറിനാണ് ബീഹാറിന്റെ ചുമതല.
Discussion about this post