ബംഗളൂരു: കാണാതായ നായയെ കണ്ടെത്താൻ ഡിക്റ്റക്ടീവ് ആയി മാറി 20 കാരി. രാജാജിനഗർ സ്വദേശി ചൈത്രയാണ് മോഷണം പോയ തന്റെ ഓമന വളർത്തുനായയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയത്. നായയെ അതിസാഹസികമായി കണ്ടെത്തിയ വിവരം വാർത്തയായതോടെ ചൈത്രയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും അഞ്ച് മാസം പ്രായമായ ഹസ്‌കി ബ്രീഡിൽപ്പെട്ട ശൗര്യയെ കാണാതെ പോയത്. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കാണാത്ത വിവരം ചൈത്ര അറിഞ്ഞത്. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ചൈത്ര വലിയ വിഷമത്തിലായി. പട്ടിയെ കണ്ടെത്തുന്നതിനായി ഉടൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചൈത്ര സന്ദേശം അയച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ സ്വയം അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ആദ്യപടിയെന്നോണം അയൽ വീടുകളിലെ സിസിടിവികളിൽ നിന്നും പരമാവധി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ നിന്നും പട്ടിയെ ആരോ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഇതിൽ ഒരു ദൃശ്യത്തിൽ നിന്നും മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. ഇതുമായി പോലീസ് സ്‌റ്റേഷനിൽ എത്തി ചൈത്ര പരാതി നൽകി.
ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സമൂഹമാദ്ധ്യമത്തിൽ ഹസ്‌കി ഇനത്തെ വിൽക്കാനുണ്ടെന്ന പരസ്യം ചൈത്രയുടെ ശ്രദ്ധയിൽപ്പെട്ടത്. പരസ്യത്തിൽ കണ്ട മേൽവിലാസത്തിൽ എത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും നായയെ മറ്റൊരാൾക്ക് വിറ്റിരുന്നു. മോഷ്ടാവിനെ പിടികൂടിയ ചൈത്ര അയാളുമായി എത്തി നായയെ തിരികെ വാങ്ങുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിന് കൈമാറി. വെറും മൂന്ന് ദിവസം കൊണ്ടാണ് പെൺകുട്ടി നായയെ കണ്ടെത്തിയത്.
Discussion about this post