ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ഇന്ന് നാല് വർഷം. 40 സൈനികർക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ഇന്ത്യ ബാലാകോട്ടിലൂടെ ശക്തമായ തിരിച്ചടി നൽകി. നാല് വർഷങ്ങൾക്കിപ്പുറം പുൽവാമയിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ ഓർമ്മ പുതുക്കുകയാണ് രാജ്യം. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തുന്നത്.
2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ൽ അവന്തിപ്പോരയ്ക്കടുത്ത് സമീപം ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ വീരമൃത്യു വരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദ് ദർ ആയിരുന്നു ചാവേർ. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാർ ഉൾപ്പെടെയുള്ള സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം മിന്നലാക്രമണത്തിൽ ഇന്ത്യൻ സേന തകർത്തു. നിയന്ത്രണ രേഖ മറികടന്ന് അതീവ രഹസ്യമായിട്ടായിരുന്നു സൈന്യത്തിന്റെ നീക്കം. പുൽവാമ ഭീകരാക്രമണത്തോട് പ്രതികരിക്കേണ്ട സമയവും സ്ഥലവും രീതിയും തിരഞ്ഞെടുക്കാൻ സുരക്ഷാ സേനയ്ക്ക് എല്ലാ അനുമതിയും നൽകിയിരുന്നതായി പ്രധാനമന്ത്രി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 26ന് പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പിൽ ബോംബാക്രമണം നടത്തിയത്.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 1267 സമിതിയിൽ യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശത്തിന്മേലുള്ള സാങ്കേതിക നിയന്ത്രണം ചൈന പിൻവലിച്ചതോടെ 2019 മെയ് 1ന് മസൂദ് അസ്ഹറിനെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post