മുംബൈ: സിഗ്നൽ തെറ്റിച്ച വാഹന യാത്രക്കാരനെ തടയാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഒരു കിലോമീറ്ററിലധികം ദൂരം കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ പാൽഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിൽ കാർ ഓടിച്ച 19കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വധശ്രമത്തിന് കേസ് എടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈയിലെ വസായിലെ ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. ട്രാഫിക് സിഗ്നൽ ലംഘിച്ച് വാഹനം വരുന്നത് ശ്രദ്ധിച്ച കോൺസ്റ്റബിൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഡ്രൈവർ കാർ മുന്നോട്ടെടുത്തു. ഇതോടെ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിലേക്ക് വീണു. ഒരു കിലോമീറ്ററോളം ദൂരമാണ് ഇയാൾ ഇത്തരത്തിൽ പോലീസ് ഉദ്യോഗസ്ഥനെ ബോണറ്റിന് മുകളിലിട്ട് വലിച്ചിഴക്കുകയായിരുന്നു.
ഇതിനിടെ ഇയാളുടെ വാഹനം ട്രാഫിക് ബ്ലോക്കിൽ പെട്ടതോടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച 19കാരന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരവും കൊലപാതകശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് മണിക്പൂർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ സമ്പത്ത്‌റാവു പാട്ടീൽ പറഞ്ഞു.
Discussion about this post