ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിന് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ താൻ കൂടുതൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഓഹരികൾ തകർച്ച നേരിടുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വാദം കേട്ടിരുന്നു. വിഷയത്തിൽ നിക്ഷേപക താൽപര്യങ്ങൾ സംരക്ഷിക്കാൻ സമിതി രൂപീകരിക്കാൻ സെബി സമ്മതിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
” സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അതിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കാം. ബിജെപിക്ക് ഈ വിഷയത്തിൽ ഒന്നും മറച്ചുവയ്ക്കാനോ ഭയപ്പെടാനോ ഇല്ല. കോൺഗ്രസിന് ബിജെപിയോട് ചോദിക്കാൻ ചോദ്യങ്ങളൊന്നുമില്ല. ബിജെപിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർത്താൻ പോലും ആർക്കും സാധിച്ചിട്ടില്ല.
കോൺഗ്രസിന്റെ ഭരണകാലത്ത് 12 ലക്ഷം കോടിയുടെ അഴിമതിയാണ് അവർ നടത്തിയത്. ആയിരക്കണക്കിന് ഗൂഢാലോചനകൾ നടത്തിയെന്ന് വച്ച് സത്യത്തെ ഒരിക്കലും തകർക്കാനാകില്ല. സത്യം എന്നും സൂര്യനെ പോലെ പ്രകാശിക്കും. 2002 മുതൽ നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഓരോ തവണയും അദ്ദേഹം ജനങ്ങൾക്കിടയിൽ ജനപ്രീതി സ്വന്തമാക്കി മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും” അമിത് ഷാ പറഞ്ഞു.
Discussion about this post