ന്യൂഡൽഹി : പങ്കാളിയെ കൊന്ന് മൃതദേഹം ധാബയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ നജാഫ്ഗഡിലാണ് സംഭവം. മിത്രോൺ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ ധാബയിലാണ് യുവാവ് 22 കാരിയുടെ മൃതദേഹം സൂക്ഷിച്ചത്. നിക്കി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാഹിൽ ഗെഹ്ലോട്ടിനെ(26) പോലീസ് അറസ്റ്റ് ചെയ്തു.
നിക്കിയുമായി ഏറെ കാലമായി ഇയാൾ പ്രണയത്തിലായിരുന്നു. തുടർന്ന് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൊബൈലിന്റെ ഡാറ്റ കേബിൾ ഉപയോഗിച്ച് നിക്കിയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് ധാബയുടെ ഫ്രിഡ്ജിൽ മൃതദേഹം ഒളിപ്പിച്ചു.
അന്നേ ദിവസം തന്നെ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഫ്രിഡ്ജിൽ നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കാമുകൻ അഫ്താബ് കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഷാഹിൽ നിക്കിയെ കൊല ചെയ്തത്. ശ്രദ്ധ വാൽക്കറെ ശ്വാസം മുട്ടിച്ച് കൊന്ന കാമുകൻ മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. തുടർന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിച്ച് മൃതദേഹാവശിഷ്ടങ്ങൾ എറിഞ്ഞ് കളഞ്ഞു.
Discussion about this post