ദുബായ്: ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാമതെത്തുക എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഓസ്ട്രേലിയയെ പിന്തള്ളി ടെസ്റ്റിലും ഒന്നാമതെത്തിയതോടെയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തിലും ട്വന്റി 20യിലും നേരത്തേ തന്നെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
എന്നാൽ, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാമതെത്തുന്ന ആദ്യ ടീമല്ല ഇന്ത്യ. 2014ൽ ദക്ഷിണാഫ്രിക്കയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഹാഷിം അംല നയിച്ച അന്നത്തെ ദക്ഷിണാഫ്രിക്കൻ ടീമിൽ മഹാരഥന്മാരായ ജാക് കാലിസ്, എ ബി ഡിവില്ലിയേഴ്സ്, ഗ്രേയം സ്മിത്ത്, മോണി മോർക്കൽ, ഫാഫ് ഡുപ്ലെസി തുടങ്ങിയവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും ട്വന്റി 20 നായകൻ ഹർദ്ദിക് പാണ്ഡ്യക്കും ഒരേ പോലെ അർഹതപ്പെട്ടതാണ് നിലവിലെ ഈ നേട്ടം. 2022ലാണ് ഇന്ത്യ ട്വന്റി 20യിൽ ഒന്നാമത് എത്തിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഏകദിനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 2017 മുതൽ 2021 വരെയുള്ള സമയത്ത് വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടെസ്റ്റ് ടീം ദീർഘകാലം ലോക ഒന്നാം നമ്പറിൽ തുടർന്നിരുന്നു.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റൺസിനും തകർത്താണ് ഇന്ത്യ ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായത്. 17ന് ന്യൂ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓസീസിനെതിരെ കളത്തിലിറങ്ങുന്നത്.
Discussion about this post