ബാലി: മുംബൈ പോലീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് മുംബൈ അധോലോക നായകന് ഛോട്ടാരാജന്. ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ പോലീസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിനു വേണ്ടിയാണ്. തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്.
മുംബൈ പോലീസില്‍ തനിക്ക് വിശ്വാസമില്ല. ദാവൂദിനെ താന്‍ ഭയപ്പെടുന്നില്ലെന്നും തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഛോട്ടാ രാജന് പറഞ്ഞു.
ഛോട്ടാ രാജനെ ഇന്ന് വൈകിട്ടോടെ ഇന്ത്യയിലെത്തിച്ചേക്കും. ഞായറാഴ്ച ബാലിയിലെത്തിയ ഇന്ത്യന്‍ സംഘം ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഡല്‍ഹിയിലേക്കായിരിക്കും രാജനെ ആദ്യം എത്തിക്കുക. ഇന്ത്യന്‍ കോണ്‍സുലാര്‍ ഫസ്റ്റ് സെക്രട്ടറി സഞ്ചീവ് കുമാര്‍ അഗര്‍വാള്‍ ഇന്നലെ രാജനെ കണ്ടിരുന്നു.
സി.ബി.ഐ, ഡല്‍ഹി, മുംബൈ പൊലീസ് സംഘമാണ് രാജനെ കൊണ്ടുവരാന്‍ ഇന്തൊനീഷ്യയിലേക്കു പോയിരിക്കുന്നത്. ഇവരും ഇന്നലെ ജയിലില്‍ രാജനെ കണ്ടിരുന്നു.
രാജന്റെ പേരില്‍ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളുടെ ഇംഗ്ലിഷിലും പ്രാദേശിക ഭാഷയായ ബാഹസയിലുമുള്ള രേഖകളും സംഘം കരുതിയിരുന്നു. രാജനെ വധിക്കുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയുള്ളതിനാല്‍ മുംബൈയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, രാജനെ മുംബൈ പൊലീസിനു കൈമാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിലേക്കുള്ള തുമ്പായതിനാല് രാജനെതിരെ ശക്തമായ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിശ്വാസ്യത തകര്‍ക്കപ്പെടുമെന്നും കേന്ദ്രം ഭയക്കുന്നു. അതിനാല്‍ കേന്ദ്രത്തിനു നേരിട്ടു നിയന്ത്രണമുള്ള ഡല്‍ഹി പൊലീസിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചനകള്‍.
Discussion about this post