റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് കുപ്രസിദ്ധി നേടിയ ഛത്തീസ്ഗഡിലെ ബസ്തർ ഇന്ന് ലോക ശ്രദ്ധയാകർഷിക്കുന്ന കാപ്പി ഉത്പാദന കേന്ദ്രമായി മാറുകയാണ്. വികസന മുരടിപ്പും തൊഴിലില്ലായ്മയും കൊണ്ട് പൊറുതി മുട്ടിയ ബസ്തറിലെ ജനങ്ങളിന്ന് വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഹോർട്ടി കൾചർ കോളേജും കോഫി ബോർഡും ചേർന്ന് ആരംഭിച്ച പദ്ധതികൾ മേഖലയിലെ ജനങ്ങളെ പുരോഗതിയിലേക്ക് വഴിതെളിക്കുന്നു. ഇതിലൂടെ തൊഴിലവസരങ്ങളും തൊഴിലാളികളുടെ വേതനവും വർദ്ധിച്ചു.
2017-18 വർഷങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ കാപ്പികൃഷി ആരംഭിച്ചത്. 20 ഏക്കർ സ്ഥലത്ത് നാല് ഇനം കോഫി അറബിക്കയും ഒരു ഇനം കോഫി റോബസ്റ്റയും നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കമെന്ന് ഹോർട്ടികൾച്ചർ ശാസ്ത്രജ്ഞൻ ഡോ.കെ.പി.സിംഗ് പറഞ്ഞു.
ആദ്യത്തെ വിളവെടുപ്പ് നടന്നത് 2020-21 ലാണ്. തുടർന്ന് കോഫി ബോർഡ് ഓഫ് ഇന്ത്യയിലേക്ക് അയച്ച സാമ്പിൾ കാപ്പിക്ക് 6-6.4 റേറ്റിംഗ് ലഭിച്ചു. അത് മികച്ച ഒരു റേറ്റിംഗ് ആയിരുന്നു. അതിനുശേഷം, 2021-22 ൽ 100 ഏക്കറിൽ കാപ്പി കൃഷി ചെയ്തു. മേഖലയിൽ കാപ്പി ഉത്പാദനത്തിന്റെ നേട്ടം കർഷകർ തന്നെയാണ് കൊയ്യുന്നത് എന്നും സിംഗ് പറഞ്ഞു.
കാപ്പി ഉത്പാദനം ബസ്തറിന് പുതിയൊരു വ്യക്തിത്വം സമ്മാനിച്ചിരിക്കുകയാണെന്ന് ബസ്തർ കളക്ടർ ചന്ദൻ കുമാർ പറഞ്ഞു. കൃത്യമായ തൊഴിലും വരുമാനവും നൽകി ജനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. എന്നാൽ ഇന്ന് ബസ്തറിലെ 350 ഹെക്ടർ സ്ഥലത്ത് കാപ്പിത്തോട്ടത്തിന്റെ ജോലികൾ നടക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങൾക്ക് മുന്നേറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു.
ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കാപ്പിയുടെ രുചിയും മണവും ചോരാതെ ആളുകളിലേക്ക് എത്തിക്കാനായി ‘ബസ്തർ കഫേ’ ആരംഭിച്ചിട്ടുണ്ട്. ആളുകൾ ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ കാപ്പിയുടെ ആവശ്യകത വർദ്ധിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
കാപ്പി ഉത്പാദിപ്പിക്കുന്ന ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ കോഫി ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന നിലവാരവും പ്രീമിയം രുചിയും തന്നെയാണ് ഇത് അന്താരാഷ്ട്ര വിപണിയിൽ തിളങ്ങാൻ കാരണം.
ഇന്ത്യയുടെ തെക്കൻ ഭാഗത്താണ് കാപ്പി കൂടുതലായി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം കാപ്പി ഉൽപാദനത്തിന്റെ 70 ശതമാനവും കർണാടകയിലാണ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നാലെയുണ്ട്.
Discussion about this post