‘ലോകത്ത് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ കഴിച്ച മനുഷ്യന്‍’ എന്ന പേരോടെയാണ് ഗ്ലിന്‍ വോള്‍ഫ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. 89 വര്‍ഷത്തെ ജീവിതകാലത്തിനിടയില്‍ 29 സ്ത്രീകളെ 31 തവണയാണ് ഗ്ലിന്‍ ജീവിതപങ്കാളിയാക്കിയത്. ഗ്ലിന്നിന്റെ ഈ ലോകറെക്കോഡ് മറികടക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.
മോഷ്ടാക്കള്‍, മയക്ക് മരുന്നിന് അടിമപ്പെട്ടവര്‍, ഫാമുകളില്‍ പണിയെടുത്തിരുന്ന പെണ്‍കുട്ടികള്‍ എന്നിവരെയായിരുന്നു ഗ്ലിന്‍ ഭാര്യമാരായി തിരഞ്ഞെടുത്തിരുന്നത്. ദിവസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീണ്ടുനിന്ന ദാമ്പത്യങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഭാര്യമാരെയെല്ലാം ഗ്ലിന്‍ വളരെയധികം സ്‌നേഹിച്ചിരുന്നു എന്നാണ് ഇദ്ദേഹത്തെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടുള്ള ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
1997 ജൂണില്‍ ഗ്ലിന്‍ മരിക്കുമ്പോള്‍ അമേരിക്കയിലെ മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയിരുന്നു. കാരണം 31 വിവാഹങ്ങള്‍ കഴിച്ച ഗ്ലിന്‍ മരിക്കുമ്പോള്‍ ഒപ്പം ഒരു ഭാര്യ പോലും ഉണ്ടായിരുന്നില്ല. കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കുക എന്നത് ജീവിതലക്ഷ്യമാക്കിയ ഗ്ലിന്നിന് നിരാലംബനായി ഒരു നഴ്‌സിംഗ് ഹോമില്‍ കിടന്ന് മരിക്കേണ്ടി വന്നു. 29 ഭാര്യമാരും 19 മക്കളുമുണ്ടെങ്കിലും ജോണ്‍ വോള്‍ഫ് എന്ന ഒരു മകന്‍ മാത്രമാണ് ഗ്ലിന്നിന്റെ ശരീരം ഏറ്റുവാങ്ങാന്‍ എത്തിയത്.
1908ലാണ് ഗ്ലിന്നിന്റെ ജനനം. 1926ലാണ് അദ്ദേഹം ആദ്യമായി വിവാഹം കഴിച്ചത്. 11 വര്‍ഷമാണ് ഗ്ലിന്നിന്റെ ജീവിതത്തിലെ ഏറ്റവും നീളമേറിയ ദാമ്പത്യം. 28-ാമത്തെ ഭാര്യയായ ക്രിസ്റ്റ്യന്‍ കമാച്ചോ ആയിരുന്നു ഗ്ലിന്നിന്റെ ആ ദീര്‍ഘകാല പത്‌നി. ഏറ്റവും ചെറിയ ദാമ്പത്യബന്ധത്തിന് 19 ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. വിവാഹബന്ധം ഉപേക്ഷിച്ചതിന് ശേഷവും 3 ഭാര്യമാരെ വീണ്ടും ഭാര്യമാരാക്കി.
ഏകനായി ജീവിക്കുക എന്നതില്‍പരം ഗ്ലിന്നിനെ അസ്വസ്ഥനാക്കിയ മറ്റൊരു കാര്യവുമുണ്ടായിരുന്നില്ല. ഡയാന രാജകുമാരിയെ അടുത്തതായി വിവാഹം കഴിക്കുമെന്ന് അവസാനകാലത്ത് ഗ്ലിന്‍ നഴ്‌സിംഗ് ഹോം ജീവനക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകാന്തതയെ ഏറെ ഭയന്ന ഗ്ലിന്നിന് രാത്രികാലങ്ങളില്‍ ഉത്കണ്ഠയും ഭയവും മൂലം പാനിക് അറ്റാക്കുകള്‍ വന്നിരുന്നത്രേ.













Discussion about this post