മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണപ്പ ഗൗതം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കെഎസ്‌സിഎ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) മീഡിയ ലോഞ്ചിൽ കെഎസ്‌സിഎ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ്, വൈസ് പ്രസിഡന്റ് സുജിത് സോമസുന്ദർ, സെക്രട്ടറി സന്തോഷ് മേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ‘പ്രത്യേക പത്രസമ്മേളന’ത്തിലാണ് അദ്ദേഹം തന്റെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
2021 ജൂലൈ 23 ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്കായി തന്റെ ഏക മത്സരം കളിച്ച 37 കാരനായ ഗൗതം അന്ന് വിക്കറ്റ് കീപ്പർ മിനോദ് ഭാനുകയുടെ വിക്കറ്റ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഏക അന്താരാഷ്ട്ര വിക്കറ്റ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ലെ ലേലത്തിൽ, ചെന്നൈ സൂപ്പർ കിംഗ്സ് 9.25 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കിയപ്പോൾ, ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വിലയേറിയ അൺക്യാപ്പ്ഡ് ഇന്ത്യൻ കളിക്കാരനായി അദ്ദേഹം മാറി. തുടർന്നുള്ള ലേലത്തിൽ ആവേശ് ഖാനും ശേഷം കഴിഞ്ഞയാഴ്ച നടന്ന ഐപിഎൽ 2026 മിനി ലേലത്തിൽ കാർത്തിക് ശർമ്മയും പ്രശാന്ത് വീറും ആ റെക്കോർഡ് തകർത്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ ഗൗതം മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ് എന്നിവരെ പ്രതിനിധീകരിച്ചു. 2024 മെയ് മാസത്തിൽ ലഖ്‌നൗവിന് വേണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ അവസാനമായി ഐപിഎൽ കളിച്ചത്.
36 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 166.90 സ്ട്രൈക്ക് റേറ്റിൽ 247 റൺസ് നേടി. ബോളിംഗിലേക്ക് വന്നാൽ 24 എന്ന എക്കണോമി റേറ്റിൽ താരം 21 വിക്കറ്റുകൾ നേടി.













Discussion about this post