തിരുവനന്തപുരം : യുഡിഎഫിൽ ചേരാൻ കത്ത് നൽകി എന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അംഗമാക്കാൻ ധാരണയായി എന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. ഈ ആരോപണം തള്ളിയ വിഷ്ണുപുരം ചന്ദ്രശേഖരൻ താൻ ഒരു കത്തും നൽകിയിട്ടില്ല എന്നും ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ എന്നും വ്യക്തമാക്കി.
നിലവിൽ താൻ എൻഡിഎ വൈസ് ചെയർമാനാണ്. മാധ്യമങ്ങളിലൂടെയാണ് യുഡിഎഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത്. കോൺഗ്രസുമായി ബന്ധപ്പെട്ട ആർക്കും താൻ കത്ത് നൽകിയിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അവർ അത് പുറത്തു വിടണം. എൻഡിഎയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ആ അതൃപ്തി പരിഹരിക്കാനും കഴിയുന്നതാണ്. അതൃപ്തിയുണ്ടെന്ന് എൻഡിഎയിൽ തന്നെ വ്യക്തമാക്കിയതാണ്. അതിനർത്ഥം ഉടനെ ചാടിപ്പോകും എന്നല്ല. രാജീവ് ചന്ദ്രശേഖർ പ്രസിഡണ്ടായി എത്തിയതിനു ശേഷം നല്ല പരിഗണന ലഭിക്കുന്നുണ്ട്” എന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാർട്ടിയെയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കും എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നത്. ഈ ആരോപണം തള്ളിയാണ് ഇപ്പോൾ വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തിയിട്ടുള്ളത്.













Discussion about this post