മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ അതിൽ വിരഹത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന സിനിമകൾ അനവധി ഉണ്ടായിട്ടുണ്ട്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന പേരായിരിക്കും 1986 ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി. ഭാവിയിൽ നടൻ എന്ന ലേബലിലും തിളങ്ങിയ പ്രശസ്ത സംവിധായകൻ വേണു നാഗവല്ലിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായ സൈമൺ മാത്യുവിന്റെ കഥയുടെ ചെറിയ ഭാഗമാണ് ഇതിലെ ‘സണ്ണി’ എന്ന കഥയിലൂടെ വേണു കാണിച്ചു തന്നത്.
തിരുവനന്തപുരത്തെ രാജവീഥിയിലൂടെ ബൈക്കിൽ ചീറിപാഞ്ഞ തമാശകൾ പറയുന്ന, ചിരിപ്പിക്കുന്ന, നന്നായി ഫുട്‍ബോൾ കളിക്കുന്ന സൈമൺ ഒരു അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഓർമകളാണ് വേണുവിനെ ഈ സിനിമയിലേക്കെത്തിച്ചത് എന്ന് പറയാം. മലയാളത്തിൽ അന്ന് വരെ കാണാത്ത രീതിയിൽ “മരണമില്ലാത്ത ഓർമ്മകൾ” എന്ന സങ്കൽപ്പമാണ് സിനിമയിലുടനീളം കാണാൻ കഴിയുക.
തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. സണ്ണി (മോഹൻലാൽ), നന്ദൻ (ശങ്കർ), വിനോദ്( ജഗതി) എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സണ്ണി ഒരു ഉല്ലാസപ്രിയനും ജീവിതം ആഘോഷിക്കുന്ന വ്യക്തിയുമാണ്. നന്ദനാകട്ടെ കുറച്ച് അന്തർമുഖനും. വിനോദ് സണ്ണിയെ പോലെ ആഘോഷങ്ങളും ഭക്ഷണവുമൊക്കെ ഇഷ്ടപെടുന്ന വ്യക്തിയാണ്. സണ്ണി കാമുകിയായ താരയെ സ്‌നേഹിക്കുമ്പോൾ നന്ദൻ സ്നേഹിക്കുന്നത് ഉർവശി അവതരിപ്പിച്ച ദേവിയെയാണ്. പരീക്ഷയൊക്കെ പാസായി എല്ലാവരുടെയും കാര്യം ഭംഗിയായി പോകുന്ന സമയത്താണ് സണ്ണി ബൈക്ക് അപകടത്തിൽ മരിക്കുന്നത്. സണ്ണിയുടെ മരണത്തിന് ശേഷം കൂട്ടുകാരുടെയും ഇവരെ സ്നേഹിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ തുടർഭാഗം പറയുന്ന കഥ.
സണ്ണിയുടെ മരണത്തിന് ശേഷം ആകെ തകർന്ന ഗീത അവതരിപ്പിച്ച താരയെ( ഗീത ) അവതരിപ്പിച്ച കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ സണ്ണിയുടെ ചേട്ടനായ കെപിഎസ്‌സി സണ്ണിയുടെ കഥാപാത്രം സിഗരറ്റ് കത്തിക്കാൻ കഴിയാതെ ജനാർദ്ധനൻ ചെയ്ത കഥാപാത്രത്തെ കെട്ടിപിടിച്ചുകരയുന്ന രംഗവും വൈകാരികമാണ്. എന്നാൽ അതിനേക്കാൾ സങ്കടപെടുത്തുന്ന ഹൃദയത്തിൽ സ്പർശിക്കുന്നത് വിനോദിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ്. സണ്ണിയോടൊപ്പം എല്ലാ അടിച്ചുപൊളികൾക്കും, തരികിടകൾക്കും, അയാളുടെ ഒരു വാലായി നിന്ന വിനോദ് സിനിമയിൽ സണ്ണിയുടെ മരണത്തിന് തൊട്ടുമുമ്പ് വരെ നന്നായി ചിരിപ്പിച്ചെങ്കിൽ പിന്നെ കാര്യങ്ങൾ മാറുകയാണ്.
അന്ന് സണ്ണിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിനോദിന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ശേഷം അയാളുടെ സംസാരശേഷി തന്നെ നഷ്ടപ്പെടുകയാണ്. ഇതിനിടയിൽ കാലങ്ങൾ കഴിഞ്ഞപ്പോൾ നന്ദൻ ഒരു മികച്ച പാട്ടുകാരനായി മാറി പ്രശസ്തനായി. ദേവിയുടെ വിവാഹം അതിനിടെ മറ്റൊരാളുമായി കഴിയുകയും അവൾ അതിൽ സന്തോഷമില്ലാതെ തുടരുകയും ചെയ്യുന്നു. താരയാകട്ടെ സണ്ണി മരിച്ചതിൽ പിന്നെ അയാളുടെ വീട്ടിൽ തന്നെയാണ് തുടരുന്നത്. അതിനിടയിൽ താരയുമായിട്ട് നന്ദൻ വിവാഹം കഴിക്കണം എന്ന് ഏവരും ആഗ്രഹിക്കുന്നു.
താര ഇതിന് സമ്മതിക്കാതെ നിൽക്കുമ്പോൾ സംസാരിക്കാൻ പറ്റില്ലെങ്കിലും താരയോട് വിവാഹത്തിന് സമ്മതിക്കണം എന്നും സന്തോഷമായി ജീവിക്കണം എന്നും പറയുന്ന വിനോദിന്റെ കഥാപാത്രത്തിന്റെ ശരീരഭാഷ വളരെ കൗതുകമാണ്. ഒരു പേപ്പറിൽ ” താര, സണ്ണിയെ വിവാഹം കഴിക്കണം. സണ്ണിയോട് ഞാൻ പറഞ്ഞുകൊള്ളാം” എന്ന് അയാൾ എഴുതി കാണിക്കുന്നുണ്ട്. ഇത് കാണുന്ന താരക്ക് ഉണ്ടാകുന്ന കരച്ചിൽ അപ്പോൾ നമുക്കും അറിയാതെ വരും. അതാണ് വിനോദ് എന്ന കഥാപാത്രത്തിലൂടെ ജഗതി നമുക്ക് കാണിച്ചു തന്നത്.
തുടക്കത്തിൽ ഒത്തിരി ചിരിപ്പിച്ച, പിന്നെ കരയിക്കുന്ന വിനോദ് തന്നെയാണ് സുഖമോ ദേവി അവസാനിക്കുമ്പോൾ ഒരു നോവായി തുടരുന്നത്…













Discussion about this post