ഇതിഹാസ ക്രിക്കറ്റ് താരം അമിത് മിശ്ര മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിലെ പോഡ്‌കാസ്റ്റിലാണ് മുൻ ലെഗ് സ്പിന്നർ മിശ്ര മനസ്സുതുറന്നത്. ധോണി ക്യാപ്റ്റനായിരുന്നില്ലെങ്കിൽ മിശ്ര കൂടുതൽ മത്സരങ്ങൾ കളിക്കുമായിരുന്നുവെന്ന് പല ആളുകളും പൊതുവെ പറയാറുള്ള കാര്യമാണ്. എന്നിരുന്നാലും, ധോണി ക്യാപ്റ്റനായിരുന്നില്ലെങ്കിൽ താൻ ടീമിൽ പോലും കളിക്കുമായിരുന്നില്ലെന്ന് വെറ്ററൻ താരം പറഞ്ഞു. ധോണി ഉള്ളതുകൊണ്ടാണ് താൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതെന്നും മിശ്ര പറഞ്ഞു.
“ധോണി ഇല്ലായിരുന്നെങ്കിൽ എന്റെ കരിയർ മികച്ചതാകുമായിരുന്നു എന്ന് ആളുകൾ പറയും. പക്ഷേ അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാൻ ടീമിൽ പോലും ഉണ്ടാകുമായിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ മാത്രമാണ് ടീമിൽ എത്തിയത്. അദ്ദേഹം കാരണമാണ് തിരിച്ചുവരവ് നടത്തിയത്. അദ്ദേഹം ക്യാപ്റ്റനായി നിന്നപ്പോൾ എനിക്ക് അവസരം തന്നു. അതുകൊണ്ടാണ് ഞാൻ തിരിച്ചുവരുന്നത്. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണണം” അദ്ദേഹം പറഞ്ഞു.
മിശ്ര 2003 ൽ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. 2008 ൽ ടെസ്റ്റ് അരങ്ങേറ്റവും 2010 ൽ ടി20 അരങ്ങേറ്റവും നടത്തി. 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച അദ്ദേഹം ഓരോ ഫോർമാറ്റിലും യഥാക്രമം 76, 64, 16 വിക്കറ്റുകൾ നേടി. ഇന്ത്യയ്ക്കു വേണ്ടി കളിച്ച കാലത്ത് ധോണി തന്നെ എങ്ങനെ പിന്തുണച്ചുവെന്ന് മിശ്ര വെളിപ്പെടുത്തി. ന്യൂസിലൻഡിനെതിരായ തന്റെ അവസാന ഏകദിനത്തിൽ ധോണിയുടെ ഉപദേശം സ്വീകരിച്ചതിന് ശേഷം 5/18 എന്ന പ്രകടനം വന്നതും അദ്ദേഹം ഓർമിപ്പിച്ചു.
“എനിക്ക് ധോണി പിന്തുണ നൽകി. ഞാൻ ഇലവനിൽ ഉള്ളപ്പോൾ അദ്ദേഹം എനിക്ക് ടിപ്പുകൾ നൽകി. അദ്ദേഹം എപ്പോഴും എന്നോട് കാര്യങ്ങൾ പറയുമായിരുന്നു. ഒരിക്കൽ ഞാൻ ന്യൂസിലൻഡിനെതിരെ കളിക്കുകയായിരുന്നു, അത് എന്റെ അവസാന ഏകദിന പരമ്പരയായിരുന്നു. ധോണിയായിരുന്നു ക്യാപ്റ്റൻ. അതൊരു ടൈറ്റ് മത്സരമായിരുന്നു. അപ്പോഴാണ് ഞാൻ പന്തെറിയാൻ വന്നത്. ഞങ്ങൾ 260-270 റൺസ് നേടിയ പോരിൽ ബോളിങ്ങിൽ ഞാൻ അന്ന് പ്രതിരോധ സമീപനമാണ് സ്വീകരിച്ചത്” അദ്ദേഹം പറഞ്ഞു.
“രണ്ട് ഓവറുകൾക്ക് ശേഷം, ധോണി എന്റെ അടുത്ത് വന്ന് പറഞ്ഞു, ഞാൻ സ്വാഭാവികമായി എറിയുന്നതുപോലെ പന്തെറിയുന്നില്ല എന്ന്. കൂടുതൽ ചിന്തിക്കരുതെന്നും ഞാൻ എപ്പോഴും ചെയ്യുന്നതുപോലെ പന്തെറിയണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു, പിന്നീട് ഒരു വിക്കറ്റ് നേടി. ഇതാണ് നിങ്ങളുടെ ബൗളിംഗ്, കൃത്യമായി ഇത് തന്നെ ബൗൾ ചെയ്യുക, അധികം ചിന്തിക്കരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് കളി മാറ്റിമറിക്കുന്ന ഒരു സ്പെല്ലായിരുന്നു. ഞാൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി, അതാണ് എന്റെ ഏറ്റവും മികച്ച സ്പെൽ എന്നും ഞാൻ കരുതുന്നു. ഞാൻ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിൽ ഇന്ത്യ കളി തോൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇങ്ങനെയാണ് അദ്ദേഹം എന്നെ പിന്തുണച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025 സെപ്റ്റംബറിൽ മിശ്ര എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 162 ഐപിഎൽ മത്സരങ്ങളിൽ കളിച്ച അദ്ദേഹം 23.82 ശരാശരിയിലും 7.37 ഇക്കോണമിയിലും 174 വിക്കറ്റുകൾ വീഴ്ത്തി.











Discussion about this post