നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റൺസിനും പരാജയപ്പെടുത്തി തകർപ്പൻ തുടക്കമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയിരിക്കുന്നത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ നേടിയ 5 വിക്കറ്റ് ഉൾപ്പെടെ മത്സരത്തിൽ അശ്വിൻ ആകെ 8 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
കൂടാതെ, ഒന്നാം ദിനം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിൻ വിലയേറിയ 32 റൺസും നേടിയിരുന്നു. ടെസ്റ്റിൽ അതിവേഗം 450 വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ എന്ന നേട്ടവും അശ്വിന് സ്വന്തമാണ്.
പരമ്പര തുടങ്ങുന്നതിന് മുൻപേ അശ്വിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ ഓസ്ട്രേലിയ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനായി അശ്വിന്റെ ബൗളിംഗ് ആക്ഷനോട് സാമ്യമുള്ള മഹേഷ് എന്ന ഇന്ത്യൻ ബൗളറേയും ഓസ്ട്രേലിയ പരിശീലനത്തിനായി ഒപ്പം കൂട്ടിയിരുന്നു.
ഇപ്പോഴിതാ, ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ്, അശ്വിന്റെ ധാരാളം വീഡിയോകൾ താൻ കാണാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. അശ്വിന്റെ വീഡിയോകൾ നിരന്തരം കാണുന്നതിനാൽ ഭാര്യ തന്നോട് വഴക്കിട്ടിരുന്നതായും ലിയോൺ പറയുന്നു.
ഞാൻ ഒരിക്കലും സ്വയം അശ്വിനുമായി താരതമ്യം ചെയ്യുന്നില്ല. അശ്വിൻ അതുല്യനായ കളിക്കാരനാണ്. അദ്ദേഹത്തിന്റെ റെക്കോർഡുകൾ അതിനുള്ള സാക്ഷ്യപത്രമാണ്. അദ്ദേഹത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയാണ് എന്റേത്. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് ഞാൻ ധാരാളം സമയം അശ്വിന്റെ വീഡിയോകൾ കാണുന്നതിന് വേണ്ടി ചിലവഴിച്ചിരുന്നു. ലാപ്ടോപിന്റെ മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിക്കുന്ന എന്റെ സ്വഭാവം, എന്റെ ഭാര്യയെ ദേഷ്യം പിടിപ്പിച്ചിരുന്നു. ലിയോൺ പറഞ്ഞു.
പഠനത്തിന് വേണ്ടിയാണ് ഞാൻ അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിരുന്നത്. ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് എതിരാളികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, സ്വന്തം പ്രകടനം കൂടുതൽ മികവുറ്റതാക്കി മുന്നോട്ട് പോകുക എന്നുള്ളത്. സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ നഥാൻ ലിയോൺ പറഞ്ഞു.
Discussion about this post