ന്യൂഡൽഹി: കേംബ്രിഡ്ജ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇംഗ്ലണ്ടിലേക്ക്. ട്വിറ്ററിലൂടെ രാഹുൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഭാഷണത്തിനായി സർവകലാശാല ക്ഷണിച്ചിട്ടുണ്ടെന്നും, ഇതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേംബ്രിഡ്ജ് സർവകലാശാലയിലെ ബിസിനസ് സ്‌കൂളാണ് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരിക്കുന്നത്. അടുത്ത മാസമാണ് പരിപാടി. ജനാധിപത്യവും, ഇന്ത്യയും – ചൈനയും തമ്മിലുള്ള ബന്ധവും എന്ന വിഷയമാണ് രാഹുൽ ഗാന്ധിയ്ക്ക് പ്രഭാഷണത്തിനായി നൽകിയിരിക്കുന്നത് എന്നാണ് വിവരം.
നേരത്തെ ഈ മാസം തന്നെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടി നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ ഈ മാസം 24 മുതൽ 26വരെ റായ്പൂരിൽ കോൺഗ്രസ് പാർട്ടിയുടെ 85ാമത് പ്ലീനറി സെഷനാണ്. ഈ സാഹചര്യത്തിലാണ് പരിപാടി അടുത്ത മാസത്തേക്ക് മാറ്റിയത്. പരിപാടിയിൽ പങ്കെടുക്കാൻ അടുത്തമാസം ആദ്യവാരം തന്നെ രാഹുൽ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് സൂചന.
അറിവിന്റെ വെളിച്ചം തങ്ങി നിൽക്കുന്ന മനസുകളുമായി ഇടപഴകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഭൂരാഷ്ട്രതന്ത്രം, വിദേശബന്ധം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിലാണ് താൻ സംവദിക്കുന്നത്. തന്റെ സ്വന്തം സർവകലാശാലയിൽ വീണ്ടും എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post